മണിക്കൂറുകളുടെ കാത്തിരിപ്പും, ശ്രമങ്ങളും പ്രാര്‍ത്ഥനകളും വിഫലം; തെലങ്കാനയില്‍ കുഴല്‍ക്കിണറില്‍ വീണ മൂന്ന് വയസുകാരന്‍ മരിച്ചു, പുറത്തെടുത്തത് മൃതശരീരം

ഹൈദരാബാദ്; വീണ്ടും കുഞ്ഞുങ്ങളുടെ ജീവന്‍ എടുത്ത് കുഴല്‍ കിണറുകള്‍. തെലങ്കാനയിലാണ് കുഴല്‍ക്കിണറില്‍ വീണ് ഒരു കുഞ്ഞിന്റെയും കൂടി ജീവന്‍ പൊലിഞ്ഞത്. മണിക്കൂറുകളുടെ രക്ഷാപ്രവര്‍ത്തനവും കാത്തിരിപ്പും പ്രാര്‍ത്ഥനകളും വിഫലമാക്കികൊണ്ട് ഇന്ന് കുട്ടിയുടെ മൃതശരീരം പുറത്തെടുക്കുകയായിരുന്നു. പാപന്നംപേട്ട് മണ്ഡലിലെ മംഗലി ഭിക്ഷാപതിയുടെ മൂന്ന് വയസുകാരനായ മകന്‍ സായ് വര്‍ധന്‍ ആണ് കുഴല്‍ക്കിണറില്‍ വീണത്.

ഏകദേശം 17 അടിയോളം ആഴത്തിലാണ് കുട്ടി വീണത്. മേദക് ജില്ലയില്‍ പുതിയതായി കുഴിച്ച കിണറിലേക്ക് ബുധനാഴ്ച വൈകീട്ടാണ് കുട്ടി വീണത്. കുട്ടിയെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം വൈകുന്നേരം തന്നെ ആരംഭിച്ചിരുന്നു. പോലീസിനൊപ്പം ദേശീയ ദുരന്ത പ്രതികരണ സേനയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കു ചേര്‍ന്നിരുന്നു. കുട്ടിയ്ക്ക് ഓക്സിജന്‍ ലഭ്യമാക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തുകയും യന്ത്രങ്ങളുടെ സഹായത്തോടെ കിണറിന് സമാന്തരമായി കുഴിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.

സായ് വര്‍ധന്‍ അച്ഛനും മുത്തച്ഛനുമൊപ്പം കൃഷിയിടത്തില്‍ നടക്കുന്നതിനിടെയാണ് കുഴല്‍ക്കിണറില്‍ വീണത്. വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. കുട്ടി വീഴുന്നത് കണ്ടയുടനെ ബന്ധുക്കള്‍ സാരി ഉപയോഗിച്ച് കുട്ടിയെ പുറത്തെത്തിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ശേഷം ക്യാമറകളുടെ സഹായത്തോടെ കിണറ്റിനുള്ളില്‍ കുട്ടിയുടെ സ്ഥാനം കണ്ടെത്താന്‍ ശ്രമം നടത്തി. കൃഷിയാവശ്യങ്ങള്‍ക്കായി ചൊവ്വാഴ്ച കുഴിച്ച മൂന്ന് കുഴല്‍ക്കിണറുകളിലൊന്നിലാണ് കുട്ടി വീണത്.

Exit mobile version