ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ ഭീതിയിലാക്കി ഹിമാലയത്തില്‍ അതിതീവ്ര ഭൂകമ്പ മുന്നറിയിപ്പ്

ഉത്തരാഖണ്ഡ് മുതല്‍ നേപ്പാളിന്റെ പടിഞ്ഞാറ് ഭാഗം വരെയുള്ള ഹിമാലയന്‍ മേഖലയില്‍ എപ്പോള്‍ വേണമെങ്കിലും ഭൂചലനമുണ്ടാകാന്‍ സാധ്യയുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ അനുമാനം

ബംഗളൂരു: ഹിമാലയത്തില്‍ അതിതീവ്രമായ ഭൂചലനത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ഗവേഷകര്‍. മുന്നറിയിപ്പ് ഡല്‍ഹി അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ഇത് മൂന്നാം തവണയാണ് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നത്. 8.5 തീവ്രതയുളള ഭൂകമ്പം ഉണ്ടാകുമെന്നാണ് കണക്ക് കൂട്ടല്‍. ബംഗളൂരുവിലെ ജവഹര്‍ലാല്‍ നെഹ്‌റു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്റിഫിക് റിസര്‍ച്ചിലെ ശാസ്ത്രജ്ഞരാണ് മുന്നറിയിപ്പ് നല്‍കിയത്.

ഇതിനു മുന്‍പ് ഹിമാലയത്തില്‍ പതിനാലോ പതിനഞ്ചോ നൂറ്റാണ്ടിലാണ് റിക്ടര്‍ സ്‌കെയിലില്‍ ഇത്രയും തീവ്രതയേറിയ ഭൂചലനം ഉണ്ടായതെന്നാണ് ജവഹര്‍ലാല്‍ നെഹ്‌റു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്റിഫിക് റിസര്‍ച്ചിലെ സീസ്‌മോളജിസ്റ്റായ സിപി രാജേന്ദ്രന്‍ പറയുന്നത്. അന്ന് 600 കിലോമീറ്റര്‍ ചുറ്റളവിലാണ് ഭൂചലനത്തിന്റെ അഘാതം ഉണ്ടായത്. ഡല്‍ഹി, ലഖ്‌നൗ എന്നിവ അന്നത്തെ ഭൂകമ്പത്തിന്റെ പരിധിയില്‍ ഉള്‍പ്പെട്ടിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ഉത്തരാഖണ്ഡ് മുതല്‍ നേപ്പാളിന്റെ പടിഞ്ഞാറ് ഭാഗം വരെയുള്ള ഹിമാലയന്‍ മേഖലയില്‍ എപ്പോള്‍ വേണമെങ്കിലും ഭൂചലനമുണ്ടാകാന്‍ സാധ്യയുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ അനുമാനം. ഉത്തരാഖണ്ഡില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നേരിയ ഭൂകമ്പം അനുഭവപ്പെട്ടിരുന്നു. 2001ല്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ഗുജറാത്തില്‍ 13,000ഓളം പേരും, 2015ല്‍ 8.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ നേപ്പാളില്‍ 9000 പേരും കൊല്ലപ്പെട്ടെന്നാണ് കണക്കുകള്‍.

Exit mobile version