ഹൈദരാബാദ്: പൂർണ്ണഗർഭിണിയായ യുവതിക്ക് കൊവിഡ് 19 രോഗബാധയുണ്ടെന്ന സംശയത്തിന്റെ പേരിൽ ചികിത്സ നിഷേധിച്ച് ഡോക്ടർമാർ. ഒടുവിൽ യുവതിയും കുഞ്ഞും കൃത്യമായ ചികിത്സ കിട്ടാതെ മരണത്തിന് കീഴടങ്ങി. പ്രസവ സംബന്ധമായ ബുദ്ധിമുട്ടുകളെ തുടർന്നാണ് ജനീല (20) എന്ന യുവതി വിവിധ ആശുപത്രികളിലായി ആറോളം ഡോക്ടർമാരെ കണ്ടത്. എന്നാൽ അവരെല്ലാം ചികിത്സ നിഷേധിക്കുകയായിരുന്നു.
ആറ് ഡോക്ടർമാരെ സമീപിച്ചെങ്കിലും ആരും ചികിത്സ നൽകാൻ തയ്യാറായില്ലെന്നാണ് തെലങ്കാന സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. ഏപ്രിൽ മാസത്തിലാണ് സഭവം നടന്നത്.
ജോഗുലാംബ ഗഡ്വാൽ ജില്ലക്കാരിയാണ് ജനീല. ഇവരുടെ വീട് സ്ഥിതിചെയ്യുന്ന പ്രദേശം കോവിഡ് കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചിരുന്നു. ഈ പ്രദേശത്തുനിന്ന് വന്നതിനാലാണ് ഇവർക്ക് ചികിത്സ നൽകാൻ ഡോക്ടർമാർ തയ്യാറാകാതിരുന്നത്. ഏപ്രിൽ 23ന് രജോലിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചെങ്കിലും കോവിഡ് സംശയത്തെ തുടർന്ന് ഗഡ്വാൾ ജില്ലാ ആശുപത്രിയിലേയ്ക്ക് അയച്ചു.
പിന്നീട്, അവിടെനിന്ന് മഹബൂബ്‌നഗർ ജില്ലാ ആശുപത്രിയിലേയ്ക്കും അവിടുന്ന് സർക്കാർ മിലിട്ടറി ആശുപത്രിയിലേയ്ക്കും അയച്ചു. അവിടെനിന്ന് ഗാന്ധി ഹോസ്പിറ്റലിലേയ്ക്ക് അയച്ചു. ഇവിടെവെച്ച് കോവിഡ് പരിശോധന നടത്തിയെങ്കിലും നെഗറ്റീവ് ആയിരുന്നു ഫലം. അവിടെനിന്ന് യുവതിയെ പെട്‌ലാബുർജ് ആശുപത്രിയിലേയ്ക്ക് പറഞ്ഞുവിട്ടു. ഇവിടെവെച്ച് ഏപ്രിൽ 25ന് ഇവർ ഒരു ആൺകുഞ്ഞിന് ജന്മംനൽകി.
പ്രസവിച്ച് അടുത്ത ദിവസം അമ്മയെയും കുഞ്ഞിനെയും നിലൗഫർ ആശുപത്രിയിലേയ്ക്ക് മാറ്റി. ഇവിടെവെച്ച് കുട്ടി മരിച്ചു. പിന്നീട് ജനീലയെ ഒസ്മാനിയ ആശുപത്രിയിലേയ്ക്ക് മാറ്റി. ഇവിടെവെച്ച് അടുത്ത ദിവസം അവരും മരിച്ചു. ഉത്തരവാദിത്വരഹിതമായി പെരുമാറിയ ഡോക്ടർമാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ നിർദേശിച്ചതായി തെലങ്കാന സ്‌പെഷൽ ചീഫ് സെക്രട്ടറി ശാന്തി കുമാരി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സംസ്ഥാന സർക്കാരിന് നോട്ടീസ് അയച്ചിട്ടുമുണ്ട്.
Discussion about this post