മുസാഫര്‍പൂര്‍: പട്ടിണി കിടന്ന് മരിച്ച അമ്മയുടെ സാരിയില്‍ പിടിച്ച് വലിച്ച് വിളിച്ചുണര്‍ത്താന്‍ ശ്രമിക്കുന്ന കുരുന്നിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയുടെ കണ്ണുകളെ ഈറനണിയിക്കുന്നത്. സ്റ്റേഷനില്‍ മരിച്ചുകിടക്കുന്ന അമ്മയെ വിളിച്ചുണര്‍ത്തി എഴുനേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന കുഞ്ഞിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലും മറ്റും നിറഞ്ഞ് കഴിഞ്ഞു.
അതിഥി തൊഴിലാളിയായ ഈ സ്ത്രീയുടെ ശരീരം മൂടിയിരിക്കുന്ന തുണി പിടിച്ചുവലിച്ചാണ് ആ കുഞ്ഞ് അമ്മയെ ഉണര്‍ത്താന്‍ നോക്കുന്നത്. ആ തുണി നീങ്ങുന്നതല്ലാതെ അവന്റെ അമ്മ അനങ്ങുന്നേയില്ല. ചൂടും വിശപ്പും നിര്‍ജ്ജലീകരണവും സഹിക്കാനാവാതെയാണ് അവര്‍ മരണപ്പെട്ടത്. ബിഹാറിലെ മുസഫര്‍പൂരില്‍ നിന്നുള്ളതാണ് ഉള്ളുപൊള്ളിക്കുന്ന ഈ ദൃശ്യങ്ങള്‍. ഭക്ഷണമോ വെള്ളമോ ലഭിക്കാതെ അവശയായിരുന്നു സ്ത്രീയെന്ന് അവളുടെ കുടുംബം പറയുന്നു.
ഞായറാഴ്ച ഗുജറാത്തില്‍ നിന്നാണ് ഇവര്‍ ട്രെയിന്‍ കയറിയത്. തിങ്കളാഴ്ചയോടെ ട്രെയിന്‍ മുസഫര്‍നഗറിലെത്തി. അവിടെ വച്ച് സ്ത്രീ കുഴഞ്ഞുവീണു. പട്ടിണി കിടന്നും ചൂടുസഹിക്കാതെയും ഇതേ സ്റ്റേഷനില്‍ വച്ച് രണ്ട് വയസ്സുള്ള കുഞ്ഞും മരിച്ചിരുന്നു. അവര്‍ സ്റ്റേഷനില്‍ വീണതോടെ അമ്മയെ തൊട്ടുംതലോടിയും അവരുടെ മകന് കളിക്കാന്‍ തുടങ്ങി. പിന്നെ അമ്മയെ വിളിച്ചുണര്‍ത്താനായി ശ്രമം. മുതിര്‍ന്ന കുട്ടി അവനെ പിടിച്ചുകൊണ്ടുപോകുന്നതുവരെ അവന് ഇത് തുടരുകയായിരുന്നു.
Discussion about this post