ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിലെ ലോക്ക് ഡൗൺ രണ്ടാഴ്ച കൂടി നീട്ടിയേക്കും. അഞ്ചാം ഘട്ട ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ നൽകാനാണ് കേന്ദ്രം പദ്ധതിയിടുന്നതെന്നാണ് റിപ്പോർട്ട്. ലോക്ക് ഡൗൺ അവസാനിക്കാൻ ഇനി നാല് ദിവസം ബാക്കിയുള്ളപ്പോഴാണ് കേന്ദ്രം കൂടിയാലോചനകൾ നടത്തുന്നത്.
ലോക്ക് ഡൗൺ നീട്ടുന്നതുമായി ബന്ധപ്പെട്ട് രണ്ട് ദിവസത്തിനകം തന്നെ കേന്ദ്രത്തിന്റെ മാർഗനിർദേശം ഉണ്ടായേക്കും. പ്രധാനമന്ത്രി നരേന്ദ്രമോഡി മേയ് 31 ന് റേഡിയോ പരിപാടിയായ മൻകീ ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുന്നുണ്ട്. ലോക്ക് ഡൗൺ അഞ്ചാം ഘട്ട പ്രഖ്യാപനം മൻകീ ബാത്തിലൂടെ നടത്തുമെന്ന റിപ്പോർട്ടുകളും ഉണ്ട്. അതേസമയം അഞ്ചാം ഘട്ട ലോക്ക് ഡൗൺ ഇന്ത്യയിലെ 11 സംസ്ഥാനങ്ങൾക്ക് മാത്രം ബാധകുമായേക്കുമെന്ന തരത്തിലുള്ള സൂചനകളും ലഭിക്കുന്നുണ്ട്.
നാലാം ഘട്ട ദേശീയ ലോക്ക് ഡൗൺ തുടങ്ങിയ ഘട്ടത്തിൽ തന്നെ സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാൻ കേന്ദ്ര സർക്കാർ അധികാരം നൽകിയിരുന്നു. അതേ നിലപാട് അഞ്ചാം ഘട്ടത്തിലും തുടരുമെന്നാണ് കേന്ദ്രവൃത്തങ്ങൾ നൽകുന്ന സൂചന. ദേശീയ ലോക്ക് ഡൗൺ പ്രഖ്യാപിച്ചാലും പ്രത്യേക മേഖലകളിലെ ഇളവ് തീരുമാനിക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് നൽകും.
മെട്രോ സർവീസുകൾക്ക് ഇത്തവണ അനുമതി നൽകാൻ സാധ്യതയുണ്ട്. എന്നാൽ അന്താരാഷ്ട്ര വിമാന സർവീസിന് അനുമതി നൽകാൻ സാധ്യതയില്ല. മാളുകളും ജിമ്മുകളും ഉൾപ്പടെയുള്ളവ തുറക്കുന്ന കാര്യത്തിൽ സംസ്ഥാനങ്ങളുടെ കൂടി അഭിപ്രായം പരിഗണിക്കും. എന്നാൽ സാമൂഹിക അകലം പാലിച്ചും മാസ്ക്കുകൾ ധരിച്ചും മാത്രമേ പൊതുയിടങ്ങളിൽ ആളുകൾ ഇറങ്ങാവൂ എന്ന കർശന നിർദേശം തുടരും.
Discussion about this post