ബംഗളൂരു: 2000ത്തിലേറെ േേകസുകൾ കർണാടകയിൽ റിപ്പോർട്ട് ചെയ്തതിനിടയിലും ആരാധനാലയങ്ങൾ തുറക്കാൻ കേന്ദ്രത്തോട് അനുമതി തേടി കർണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ. അമ്പലങ്ങളും പള്ളികളും വീണ്ടും തുറക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തെഴുതിയതായി യെദിയൂരപ്പ പറഞ്ഞു.
‘ആരാധനാലയങ്ങൾ തുറക്കുന്നതിന് മുൻപ് ഒരുപാട് അനുമതികൾ ലഭിക്കേണ്ടതുണ്ട്. നമുക്ക് കാത്തിരുന്ന് കാണാം. അനുമതി കിട്ടിയാൽ ആരാധനാലയങ്ങൾ ജൂൺ ഒന്നിന് തന്നെ തുറക്കും’ യെദിയൂരപ്പ ബുധനാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.
അമ്പലങ്ങൾ ജൂണിൽ തുറക്കുമെന്നാണ് പ്രതീക്ഷ എന്ന് കർണാടക മന്ത്രി കെ ശ്രീനിവാസ് പൂജാരി നേരത്തെ പറഞ്ഞിരുന്നു.ഇതിനെതിരെ കോൺഗ്രസ് എംഎൽഎ എൻഎ ഹാരിസ് രംഗത്ത് വന്നിരുന്നു. ഒന്നുകിൽ എല്ലാ മതക്കാരുടെയും ആരാധനാലയങ്ങൾ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കണം അല്ലെങ്കിൽ എല്ലാം അടച്ചിടുക എന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ഈ ഘട്ടത്തിൽ രാഷ്ട്രീയം കളിക്കരുതെന്നും ഹാരിസ് പറഞ്ഞിരുന്നു.