ലോക്ക് ഡൗണ്‍ വിലക്ക് ലംഘിച്ചു; അറസ്റ്റ് ഭയന്ന് മരിച്ച് അഭിനയിച്ച് പെറുവിലെ മേയര്‍, ശവപ്പെട്ടിക്കുള്ളിലെ കിടപ്പ് സോഷ്യല്‍മീഡിയയില്‍ വൈറല്‍

ചിലി: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് നേരിടേണ്ടി വരുന്ന അറസ്റ്റ് ഒഴിവാക്കാന്‍ വേണ്ടി മരിച്ച് അഭിനയിച്ച് പെറുവിലെ മേയര്‍. പെറുവിലെ ടന്റാര നഗരത്തിലെ മേയറായ ജെയ്‌മെ റോളാന്‍ഡോ ഉര്‍ബിന ടോറസാണ് മാസ്‌ക് ധരിച്ച് ശവപ്പെട്ടിക്കുള്ളില്‍ മരിച്ച പോലെ കിടന്നത്.

പോലീസിനെ കബളിപ്പിക്കാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ നാടകം നടത്തിയത്. തിങ്കളാഴ്ച രാത്രി കര്‍ഫ്യൂ നിയമങ്ങള്‍ ലംഘിച്ച് സുഹൃത്തുക്കള്‍ക്കൊപ്പം പുറത്തു പോകുകയും മദ്യപിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് മേയറെ അറസ്റ്റ് ചെയ്യാന്‍ പോലീസ് എത്തിയത്. ഇതിനു പിന്നാലെയാണ് മരണ നാടകം കളിച്ചത്. സംഭവം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

കൊവിഡ് വ്യാപനം അതിഗുരുതരമാകുന്ന സമയത്ത് മേയറുടെ ഈ പ്രവര്‍ത്തി വന്‍ വിമര്‍ശനത്തിനും വഴിവെച്ചിട്ടുണ്ട്. ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെ ചോദ്യം ചെയ്യലിനായി സ്റ്റേഷനിലേക്ക് കൊണ്ടുപോയതായും പോലീസ് അറിയിച്ചു. പോലീസ് തന്നെയാണ് മേയര്‍ ശവപ്പെട്ടിക്കുള്ളില്‍ കിടക്കുന്ന ചിത്രം പങ്കുവെച്ചത്.

കൊവിഡ് രോഗബാധയെ കൈകാര്യം ചെയ്യുന്നതില്‍ ഇദ്ദേഹം വന്‍പരാജയമാണെന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വെറും എട്ട് ദിവസം മാത്രമാണ് അദ്ദേഹം ടന്റാരയില്‍ ഉണ്ടായിരുന്നത്. പൊതു സുരക്ഷാ സംവിധാനങ്ങളൊന്നും തന്നെ നഗരത്തില്‍ നടപ്പിലാക്കിയിട്ടില്ല.

Exit mobile version