ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; തമിഴ്‌നാട്ടിലെ നോക്കിയ പ്ലാന്റ് അടച്ചുപൂട്ടി

ചെന്നൈ: ജീവനക്കാര്‍ക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ നോക്കിയ പ്ലാന്റ് അടച്ചുപൂട്ടി. തമിഴ്‌നാട്ടിലെ ശ്രീപെരുംപൂത്തൂരില്‍ പ്രവര്‍ത്തിക്കുന്ന പ്ലാന്റാണ് അടച്ചുപൂട്ടിയത്. കഴിഞ്ഞ ദിവസമാണ് ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച കാര്യം കമ്പനി അറിയിച്ചത്.

അതേസമയം പ്ലാന്റില്‍ എത്ര പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ച എന്ന കാര്യം കമ്പനി അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. ഏകദേശം 42 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു എന്നാണ് കമ്പനിയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചത്. സാമൂഹിക അകലം പാലിക്കല്‍ പോലെയുള്ള നിയന്ത്രണങ്ങള്‍ പ്ലാന്റില്‍ ഇതിനോടകം നടപ്പിലാക്കിയിരുന്നുവെന്നും അധികൃതര്‍ അറിയിച്ചു.

അതേസമയം കഴിഞ്ഞ ഏതാനും ആഴ്ചകളിലായി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ചാണ് കമ്പനി പ്രവര്‍ത്തിച്ചിരുന്നതെന്നും പരിമിതമായ ജീവനക്കാരെ ഉള്‍പ്പെടുത്തി എത്രയും പെട്ടെന്ന് പ്ലാന്റ് പുനഃരാരംഭിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ടെന്നുമാണ് കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. തമിഴ്‌നാട്ടില്‍ ഇതുവരെ 17728 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 127 പേരാണ് ഇവിടെ വൈറസ് ബാധമൂലം മരിച്ചത്.

Exit mobile version