ചെന്നൈ: ഇന്‍ഡിഗോ വിമാനത്തില്‍ കയറിയ യാത്രക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. ആഭ്യന്തര വിമാന സര്‍വീസ് പുനരാരംഭിച്ച ആദ്യ ദിവസം തന്നെയാണ് യാത്രക്കാരന് കൊവിഡ് സ്ഥിരീകരിച്ചത്. ചെന്നൈ-കോയമ്പത്തൂര്‍ വിമാനത്തിലാണ് രോഗബാധിതനായ വ്യക്തി യാത്ര ചെയ്തത്.
ഇതോടെ മറ്റു യാത്രക്കാരേയും കൊറോണ പരിശോധനയ്ക്ക് വിധേയരാക്കുകയും ചെയ്തു. 93 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഫെയ്സ് മാസ്ക്, ഷീല്‍ഡ്, കൈയ്യുറകള്‍ എന്നിവയുള്‍പ്പടെ ധരിച്ചാണ് രോഗി വിമാനത്തിലുണ്ടായിരുന്നത്. സമീപത്ത് തന്നെ മറ്റാരും ഉണ്ടായിരുന്നില്ല എന്നത് വലിയ ആശ്വാസമാണെന്നും അതുകൊണ്ട് തന്നെ വ്യാപനം ഉണ്ടാകാന്‍ സാധ്യതയില്ലെന്നും ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു.
അതേ സമയം വിമാനത്തിലുണ്ടായിരുന്ന ക്രൂ അംഗങ്ങളെ 14 ദിവസത്തേയ്ക്ക് ക്വാറന്റൈനില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. മെയ് 25-ന് വൈകുന്നേരം 6ഇ 381 വിമാനത്തില്‍ ചെന്നൈയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് വന്ന യാത്രക്കാരനാണ് രോഗം സ്ഥിരീകരിച്ചത്. കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് ഇതുസംബന്ധിച്ച സ്ഥിരീകരണം ലഭിച്ചതെന്നും ഇന്‍ഡിഗോ അറിയിച്ചു.
Discussion about this post