ന്യൂഡല്‍ഹി: ലോക്ക് ഡൗണിനെ തുടര്‍ന്ന് രാജ്യത്ത് വിവിധ സ്ഥലങ്ങളിലായി കുടുങ്ങിക്കിടക്കുന്ന അതിഥി തൊഴിലാളികള്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സൗജന്യമായി യാത്രാസൗകര്യവും താമസവും ഭക്ഷണവും നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഈ വിഷയത്തില്‍ സ്വമേധയാ ഇടപെട്ടുകൊണ്ടാണ് കോടതി ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത്.
‘അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണവും വെള്ളവും കിട്ടാത്ത സാഹചര്യമുണ്ട്. ഇവര്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അടിയന്തര സഹായം വേണം. അതിഥിതൊഴിലാളികളുടെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഒട്ടേറെ കത്തുകളും നിവേദനങ്ങളും ഇതിനോടകം ലഭിച്ചു. റോഡുകളിലും സംസ്ഥാനാതിര്‍ത്തികളിലും റെയില്‍വേസ്റ്റേഷനിലുമായി തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവര്‍ക്ക് അടിയന്തരമായി സൗജന്യ ഭക്ഷണവും താമസവും യാത്രാസൗകര്യവും ഒരുക്കണം’ എന്നാണ് സുപ്രീം കോടതി പറഞ്ഞത്.
അതേസമയം കേന്ദ്രവും സംസ്ഥാനസര്‍ക്കാരുകളും അതിഥി തൊഴിലാളികള്‍ക്കായി വിവിധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും അവയില്‍ പോരായ്മകളുണ്ടെന്നുമാണ് ജസ്റ്റിസ് അശോക് ഭൂഷണ് അധ്യക്ഷനായ മൂന്നംഗബെഞ്ച് അഭിപ്രായപ്പെട്ടത്. വിഷയം വ്യാഴാഴ്ച വീണ്ടും പരിഗണിക്കുമ്പോള്‍, ഇതുവരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് കോടതി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരുകളും ഇതിന് മറുപടി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.
Discussion about this post