ഹൈദരാബാദ്: ജയ്പുര്‍-ഹൈദരാബാദ് എയര്‍ ഏഷ്യ വിമാനം അടിയന്തിരമായി നിലത്തിറക്കി. ഇന്ധനചോര്‍ച്ചയെ തുടര്‍ന്നാണ് 76 യാത്രക്കാരുമായി വരികയായിരുന്ന
എയര്‍ ഏഷ്യയുടെ ഐ-51543 വിമാനം രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.25ന് ആയിരുന്നു സംഭവം. ജയ്പുരില്‍ നിന്ന് ഹൈദരാബാദിലേയ്ക്ക് വരികയായിരുന്ന വിമാനം. ഇന്ധന ചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പൈലറ്റ് വിമാനത്തിന്റെ ഒരു എന്‍ജിനുകളില്‍ ഒന്നിന്റെ പ്രവര്‍ത്തനം നിര്‍ത്തി. തുടര്‍ന്ന് ഒരു എന്‍ജിന്‍ മാത്രം പ്രവര്‍ത്തിപ്പിച്ചാണ് വിമാനം അടിയന്തിര ലാന്‍ഡിങ് നടത്തിയത്.
വിമാനത്തിന് തകരാര്‍ സംഭവിച്ചതായും അടിയന്തിര ലാന്‍ഡിങ് വേണ്ടിവരുമെന്നും പൈലറ്റ് അറിയിച്ചതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. വിമാനത്താവളത്തിലെ മറ്റെല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കുകയും അടിയന്തിര സാഹചര്യം നേരിടുന്നതിന് എല്ലാ തയ്യാറെടുപ്പുകളും നടത്തുകയും ചെയ്തു.
തുടര്‍ന്നാണ് വിമാനം നിലത്തിറക്കിയത്. സുരക്ഷിതമായാണ് വിമാനം നിലത്തിറക്കിയതെന്ന് വിമാന കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. എന്‍ജിന്‍ തകരാറിന് ഇടയാക്കിയ സാഹചര്യത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും കമ്പനി വ്യക്തമാക്കി.