മുംബൈ: വീട്ടു ജോലിക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് താനും കുടുംബവും ക്വാറന്റൈനിലെന്ന് ബോളിവുഡ് സംവിധായകന് കരണ്‍ ജോഹര്‍. ട്വിറ്ററിലൂടെയാണ് കരണ്‍ ജോഹര്‍ ഈ വിവരം അറിയിച്ചത്. താരത്തിന്റെ വീട്ടിലെ രണ്ട് ജോലിക്കാര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
‘വീട്ടിലെ രണ്ടു ജോലിക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയപ്പോള്‍ തന്നെ അവരെ കെട്ടിടത്തിലെ പ്രത്യേക മുറിയില്‍ ക്വാറന്റൈനില്‍ ഇരുത്തിയിരുന്നു. ഉടന്‍ തന്നെ ബിഎംസിയെ അറിയിക്കുകയും അവര്‍ വന്ന് കെട്ടിടം ശുചിയാക്കുകയും ചെയ്തു. കുടുംബവും മറ്റ് ജോലിക്കാരും സുരക്ഷിതരാണ്. ലക്ഷണങ്ങളുമില്ല. കൊവിഡ് ടെസ്റ്റ് ചെയ്തിരുന്നു. ഫലം നെഗറ്റീവ് ആയിരുന്നു. എങ്കിലും ഏവരുടെയും സുരക്ഷയെ മാനിച്ച് ഞങ്ങള്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയുകയാണ്.
ആരോഗ്യപ്രവര്‍ത്തകരുടെ കര്‍ശന നിര്‍ദേശങ്ങള്‍ പാലിക്കുകയും ചെയ്യുന്നു. കൊവിഡ് രോഗികള്‍ക്ക് ഏറ്റവും മികച്ച ശുശ്രൂഷയും മരുന്നുകളുമാണ് നല്കി വരുന്നത്. അവര്‍ രോഗത്തെ പൊരുതി ജയിക്കുമെന്ന വിശ്വാസത്തിലാണ് ഞങ്ങള്‍. എല്ലാവര്ക്കും ഇതൊരു മോശം കാലമാണ്. എങ്കിലും നമ്മള് കൃത്യമായി നിര്‍ദേശങ്ങള്‍ പാലിക്കുകയും മുന്‍കരുതലെടുക്കുകയും ചെയ്ത് വൈറസിനെ അതിജീവിക്കും. ഏവരും വീടുകളില്‍ തന്നെ കഴിയൂ. സുരക്ഷിതരായിരിക്കൂ’ എന്നാണ് അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പില്‍ അറിയിച്ചത്.
— Karan Johar (@karanjohar) May 25, 2020
Discussion about this post