ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ പുതുതായി 6,535 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 1,45,380 ആയി ഉയര്‍ന്നു. നിലവില്‍ 80,722 പേരാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 146 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ രാജ്യത്തെ മരണസംഖ്യ 4167 ആയി.
രാജ്യത്ത് തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് വൈറസ് ബാധിതരുടെ എണ്ണം 6000 കടക്കുന്നത്. മഹാരാഷ്ട്രിലും തമിഴ്നാട്ടിലും ഡല്‍ഹിയിലുമാണ് രോഗവ്യാപനം ഏറ്റവും ശക്തം. 11 ശതമാനം വര്‍ധനവാണ് ഈ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. ഇവിടെ വൈറസ് ബാധിതരുടെ എണ്ണം 53000 കവിഞ്ഞിരിക്കുകയാണ്. 1600ലധികം പേരാണ് ഇവിടെ വൈറസ് ബാധമൂലം മരിച്ചത്. തമിഴ്നാട്ടില്‍ വൈറസ് ബാധിതരുടെ എണ്ണം 17,000 കടന്നു. 805 പുതിയ കേസുകളും ഏഴ് മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 549 കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ചെന്നൈയിലാണ്. ഗുജറാത്തില്‍ 24 മണിക്കൂറിനിടെ 405 പോസിറ്റീവ് കേസുകളും 30 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ അഹമ്മദാബാദിലാണ് 310 പുതിയ കേസുകളും 25 മരണവും. ആകെ കൊവിഡ് കേസുകള്‍ 14468ഉം മരണം 888ഉം ആയി.
Discussion about this post