ന്യൂഡല്‍ഹി: രാജ്യത്ത് ഏഴ് സംസ്ഥാനങ്ങളില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. മഹാരാഷ്ട്ര അടക്കം ഏഴ് സംസ്ഥാനങ്ങളിലാണ് കൊവിഡ് പോസിറ്റീവ് കേസുകള്‍ കുതിച്ചുയരുന്നത്. രാജ്യത്ത് മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, ഡല്‍ഹി, രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നീ ഏഴ് സംസ്ഥാനങ്ങളില്‍ നിന്നാണ് 83 ശതമാനം കൊവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. ഇവിടെ വൈറസ് ബാധിതരുടെ എണ്ണം 53000 കവിഞ്ഞിരിക്കുകയാണ്. 1600ലധികം പേരാണ് ഇവിടെ വൈറസ് ബാധമൂലം മരിച്ചത്. തമിഴ്നാട്ടില്‍ വൈറസ് ബാധിതരുടെ എണ്ണം 17,000 കടന്നു. 805 പുതിയ കേസുകളും ഏഴ് മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 549 കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ചെന്നൈയിലാണ്. ഗുജറാത്തില്‍ 24 മണിക്കൂറിനിടെ 405 പോസിറ്റീവ് കേസുകളും 30 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ അഹമ്മദാബാദിലാണ് 310 പുതിയ കേസുകളും 25 മരണവും. ആകെ കൊവിഡ് കേസുകള്‍ 14468ഉം മരണം 888ഉം ആയി.
ഡല്‍ഹിയില്‍ വൈറസ് ബാധിതരുടെ എണ്ണം 14000 കവിഞ്ഞു. രോഗവ്യാപനത്തെ തുടര്‍ന്ന് ഗാസിയാബാദ്- ഡല്‍ഹി അതിര്‍ത്തി അടച്ചിരിക്കുകയാണ്. രാജസ്ഥാനില്‍ വൈറസ് ബാധിതരുടെ എണ്ണം 7300 ആയി. മധ്യപ്രദേശില്‍ 194 പോസിറ്റീവ് കേസുകളും പത്ത് മരണവുമാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്.
Discussion about this post