ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 6977 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം എണ്ണം 1,38,845 ആയി ഉയര്‍ന്നു. 154 പേരാണ് വൈറസ് ബാധമൂലം കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 4021 ആയി ഉയര്‍ന്നു.
രാജ്യത്ത് നിലവില്‍ 77,103 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 57,720 പേര് രോഗമുക്തി നേടി. കൊവിഡ് 19 രൂക്ഷമായി ബാധിച്ച പത്തുരാജ്യങ്ങളില്‍ പത്താംസ്ഥാനത്താണ് ഇന്ത്യ. രാജ്യത്ത് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത് 43 ദിവസങ്ങള്‍ പിന്നിട്ടപ്പോഴാണ് വൈറസ് ബാധിതരുടെ എണ്ണം പതിനായിരം കടന്നത്. എന്നാല്‍ കഴിഞ്ഞ രണ്ടുദിവസങ്ങള്‍കൊണ്ട് പുതിയ കേസുകള്‍ പതിനായിരത്തിന് മുകളില്‍ എത്തിയിരിക്കുകയാണ്. വൈറസ് വ്യാപനത്തിന്റെ വേഗത ആശങ്ക ജനിപ്പിക്കുന്നതാണ്. അതേസമയം രോഗ വ്യാപനത്തിന്റെ മൂര്‍ധന്യാവസ്ഥ രാജ്യം അഭിമുഖീകരിക്കാന്‍ പോകുന്നതേയുള്ളൂവെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 3041 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 50,000 കടന്നു. ഇതുവരെ 50,231 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 1635 പേരാണ് വൈറസ് ബാധമൂലം മരിച്ചത്.
മുംബൈയില്‍ മാത്രം വൈറസ് ബാധിതരുടെ എണ്ണം 30,000 കടന്നു. 988 മരണം റിപ്പോര്‍ട്ട് ചെയ്തതും മുംബൈയിലാണ്. അതേസമയം തമിഴ്നാട്ടിലും രോഗവ്യാപനം തുടരുകയാണ്. സംസ്ഥാനത്ത് ഇതുവരെ 16,227 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
Discussion about this post