മുംബൈ: മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ അശോക് ചവാന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. പരിശോധനഫലം പോസിറ്റീവായതിനെ തുടര്‍ന്ന് അദ്ദേഹത്തെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രിയോടെയാണ് അശോക് ചവാന്റെ പരിശോധന ഫലം ലഭിച്ചത്. തുടര്‍ന്ന് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നിലവില്‍ മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് സൂചന. അതേസമയം, അശോക് ചവാന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
മന്ത്രിയുമായി അടുത്ത് ഇടപഴകിയ കുടുംബാഗംങ്ങള്‍, പേഴ്സണല്‍ സ്റ്റാഫ്, അംഗരക്ഷകര്‍ ഉള്‍പ്പെടെയുള്ളവരെ ഉടന്‍ ക്വാറന്റീനിലാക്കും. സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് അശോക് ചവാന്. നേരത്തെ ഭവന വകുപ്പ് മന്ത്രി ജിതേന്ദ്ര ആവാഡിനും രോഗം സ്ഥിരീകരിച്ചിരുന്നു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ ബാധിതരുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. ദിനംപ്രതി രോഗികളുടെ എണ്ണവും മരണനിരക്കും കുതിച്ചുയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 3041 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 50000 കടന്നു. ആകെ മരണം 1635 ആയി ഉയര്‍ന്നു.
Discussion about this post