ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മലയാളി നഴ്സ് കൊവിഡ് ബാധിച്ചു മരിച്ചു. പടിഞ്ഞാറന്‍ ഡല്‍ഹി രജൗരി ഗാര്ഡന് ശിവാജി എന്‍ക്ലേവ് ഡി.ഡി.എ. 63- എ-യില്‍ താമസിച്ചിരുന്ന പത്തനംതിട്ട കോന്നിക്കടുത്ത് വള്ളിക്കോട് കോട്ടയം സ്വദേശിനി പാറയില്‍ പുത്തന്‍വീട്ടില്‍ അംബിക (48) ആണ് മരിച്ചത്. ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ കൊവിഡ് ചികിത്സയിലിരിക്കേയാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ നഴ്സായിരുന്നു ഇവര്‍.
മൂന്നു ദിവസം മുന്‍പാണ് ചുമയും മറ്റ് ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടത്. തുടര്‍ന്ന് സഫ്ദര്‍ജങ്ങ് ആസ്പത്രിയിലേക്ക് മാറ്റിയിരുന്നു. ഞായറാഴ്ച വൈകിട്ട് അവിടെ വെച്ചാണ് മരിച്ചത്. ഭര്‍ത്താവ് സനല്‍ കുമാര്‍ (ബിഹാര്‍ സ്വദേശി ) മലേഷ്യയിലാണ് ജോലി ചെയ്യുന്നത്. മക്കള്‍: അഖില്‍, ഭാഗ്യമോള്.
അതേസമയം രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ 147 പേര് കൂടി മരിച്ചു. ഇതോടെ മരണ സംഖ്യ 3,867 ആയി ഉയര്‍ന്നു. രാജ്യത്ത് രോഗബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഒറ്റ ദിവസം കൊണ്ട് രേഖപ്പെടുത്തിയത്. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഒന്നേകാല്‍ ലക്ഷം പിന്നിട്ടു.
6767 പേര്‍ക്ക് കൂടി രോഗം ബാധിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,31,868 ആയി. അടുത്ത രണ്ട് മാസം കൂടുതല്‍ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശിച്ചു. കഴിഞ്ഞ നാല് ദിവസത്തിനിടെ രാജ്യത്ത് കാല്‍ലക്ഷത്തോളം പേര് കൂടി രോഗബാധിതരായെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് വ്യക്തമാക്കുന്നത്.
Discussion about this post