മുംബൈ: യുപിയിൽ കുടിയേറ്റ തൊഴിലാളികളോടുള്ള മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിലപാടുകളോട് രൂക്ഷമായി പ്രതികരിച്ച് ശിവസേന മുഖപത്രമായ സാമ്‌ന. കൊറോണ വൈറസ് മഹാമാരിക്കിടെ ആരും രാഷ്ട്രീയ പരാമർശങ്ങളിൽ ഏർപ്പെടെരുതെന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നിർദേശം നിലനിൽക്കെയാണ് സാമ്‌നയിൽ യോഗി ആദിത്യനാഥിനെ വളഞ്ഞ് ആക്രമിക്കുന്നതെന്നാണ് ടൈംസ് നൌ റിപ്പോർട്ട് ചെയ്യുന്നത്.
ശിവസേന രാജ്യസഭാംഗമായ സഞ്ജയ് റൗത്താണ് സാമ്‌നയിൽ യോഗിക്കെതിരെ രൂക്ഷമായ വിമർശനം നടത്തിയിരിക്കുന്നത്. കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നം യോഗി ആദിത്യനാഥ് കൈകാര്യം ചെയ്തത് ഏകാധിപതിയേപ്പോലെയാണെന്നാണ് വിമർശനം. ജൂത വിഭാഗത്തിൽപ്പെട്ടവർക്കെതിരെ അഡോൾഫ് ഹിറ്റ്‌ലർ പെരുമാറിയത് പോലെയാണ് കുടിയേറ്റ തൊഴിലാളികളോട് യോഗി ആദിത്യനാഥിന്റെ നിലപാട്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന കുടിയേറ്റ തൊഴിലാളികളെ സ്വന്തം നാടുകളിലേക്ക് പോകാൻ പോലും യോഗി സർക്കാർ അനുവദിക്കുന്നില്ല.
നടന്നും സൈക്കിളിലും ട്രെക്കുകളിലുമായി എത്തുന്ന കുടിയേറ്റ തൊഴിലാളികൾക്ക് പ്രവേശനം നിഷേധിക്കാൻ വരെ ഉത്തർ പ്രദേശ് മുഖ്യമന്ത്രി ഉത്തരവിട്ടു. ബസുകളിൽ വരുന്നവർക്ക് മാത്രമാണ് പ്രവേശനാനുമതി നൽകിയത്.