അഹമ്മദാബാദ്: അഹമ്മദാബാദിലെ സര്‍ക്കാര്‍ ആശുപത്രി തടവറ പോലെയാണെന്ന് ഗുജറാത്ത് ഹൈക്കോടതി. വെള്ളിയാഴ്ച വരെ 377 കൊവിഡ് രോഗികളാണ് ഇവിടെ മരിച്ചത്. ആശുപത്രിയുടെ അവസ്ഥ ദയനീയമാണെന്നും ഒരു തടവറ പോലെയാണ് ആശുപത്രിയെന്നും സ്ഥിതി ഇതിലും മോശമായേക്കാമെന്നും കോടതി പറഞ്ഞു.
അഹമ്മദാബാദിലെ ആശുപത്രിയുടെ നിലവിലുള്ള അവസ്ഥ ചൂണ്ടിക്കാട്ടി ജസ്റ്റിസുമാരായ ജെബി പാര്‍ദിവാല, ഐജെ വോ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. വിഷയത്തില്‍ പൊതു താല്പര്യ ഹര്‍ജി പ്രകാരം കോടതി നിയമ നടപടികള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
‘സര്‍ക്കാര്‍ ആശുപത്രിയുടെ നിലവിലുള്ള അവസ്ഥ വളരെ ദയനീയമാണെന്നത് സങ്കടകരവും വേദനാജനകവുമാണ്. അഹമ്മദാബാദിലെ സര്‍ക്കാര്‍ ആശുപത്രി വളരെ മോശം അവസ്ഥയിലാണെന്ന് കാണിക്കുന്നതില്‍ ഞങ്ങള്‍ ഖേദിക്കുന്നു. രോഗികളെ ചികിത്സിക്കാനുള്ളതാണ് സര്‍ക്കാര്‍ ആശുപത്രികള്‍. പക്ഷേ ഇത് ഒരു തടവറ പോലെ തോന്നുന്നു. ചിലപ്പോള്‍ ഒരു തടവറയേക്കാള്‍ മോശമായിരിക്കാം. നിര്‍ഭാഗ്യവശാല്‍, ദരിദ്രരും നിസ്സഹായരുമായ രോഗികള്‍ക്ക് മറ്റ് മാര്‍ഗമില്ല’ എന്നാണ് കോടതി ഇതേകുറിച്ച് പ്രതികരിച്ചത്.
കഴിഞ്ഞ ദിവസം പുതുതായി 396 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഗുജറാത്തില്‍ വൈറസ് ബാധിതരുടെ എണ്ണം 13,669 ആയി ഉയര്‍ന്നു. മരണനിരക്കില്‍ രണ്ടാമതായ ഗുജറാത്തില്‍ 829 പേരാണ് വൈറസ് ബാധമൂലം മരിച്ചത്.
Discussion about this post