മുംബൈ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ 25കാരനായ യുവാവ് അറസ്റ്റില്‍. യുപി സര്‍ക്കാരിന്റെ സോഷ്യല്‍മീഡിയ ഡെസ്‌ക്കിലേയ്ക്ക് വിളിച്ചാണ് ഭീഷണിപ്പെടുത്തിയത്. മഹാരാഷ്ട്ര ആന്റി ടെററിസം സ്‌ക്വാഡാണ് ഇയാളെ പിടികൂടിയത്. വെള്ളിയാഴ്ചയാണ് ബോംബാക്രമണത്തില്‍ യോഗി ആദിത്യനാഥിനെ വധിക്കുമെന്നുള്ള യുവാവിന്റെ ഫോണ്‍ കോള്‍ വന്നത്.
സംഭവത്തില്‍ ലഖ്‌നൗവിലെ ഗോമതി നഗര്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രത്യേക ടാസ്‌ക് ഫോഴ്‌സ് അന്വേഷണം ആരംഭിച്ചു. മഹാരാഷ്ട്ര എടിഎസും വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയിരുന്നു. ഫോണ്‍ വിളിക്കാന്‍ ഉപയോഗിച്ച ഫോണ്‍ യുവാവ് സ്വിച്ച് ഓഫ് ചെയ്‌തെങ്കിലും ഡംപ് ഡാറ്റ ഉപയോഗിച്ച് ആളെ പിടികൂടുകയായിരുന്നു.
അവസാനമായി ഫോണ്‍ ഉപയോഗിച്ച സ്ഥലം ഈസ്റ്റേണ്‍ മുംബൈയിലെ ചുനബട്ടിയാണെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തില്‍ മുംബൈയിലെ മഹാദാ കോളനിയിലാണ് യുവാവ് ഉള്ളതെന്നും കണ്ടെത്തുകയായിരുന്നു. അറസ്റ്റിലായതോടെ കമ്രാന്‍ (25) കുറ്റസമ്മതം നടത്തുകയും ചെയ്തു.
കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ ഉത്തര്‍പ്രദേശിന് കൈമാറും. ദക്ഷിണ മുംബൈയിലെ നാല്‍ ബസാര്‍ സ്വദേശിയായ കമ്രാന്‍ ജോലിയുടെ ഭാഗമായാണ് ചുനഭട്ടിയിലേക്ക് വന്നത്. കമ്രാന്റെ പിതാവ് രണ്ട് മാസങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ടിരുന്നു. അമ്മയെ കൂടാതെ ഒരു സഹോദരനും സഹോദരിയുമാണ് കമ്രാനുള്ളത്. ഇയാള്‍ മയക്കുമരുന്നിന് അടിമയാണെന്നും പോലീസ് വെളിപ്പെടുത്തി.