മുംബൈ: രാജ്യത്ത് ഏറ്റവുമധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുകയും സാമൂഹിക വ്യാപനമടക്കം സ്ഥിരീകരിക്കുകയും ചെയ്ത മഹാരാഷ്ട്രയിൽ സ്കൂളുകൾ സാധാരണ ഗതിയിൽ തുറന്നേക്കും. ജൂൺ 15 മുതൽ സ്കൂളുകൾ ആരംഭിക്കാനാണ് സർക്കാർ പദ്ധതിയെന്ന് മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി വർഷ ഗെയ്ക്വാദ് പറഞ്ഞു.
ഘട്ടം ഘട്ടമായായിക്കും സ്കൂളുകൾ തുറക്കുകയെന്നും തീവ്ര ബാധിത മേഖലകളല്ലാത്ത പ്രദേശങ്ങളിലെ സ്കൂളുകളായിരിക്കും ആദ്യം തുറക്കുകയെന്നും മന്ത്രി പറഞ്ഞു. ഒരു ബെഞ്ചിൽ ഒരാളെയേ ഇരുത്തുകയുള്ളുവെന്നും സ്കൂളുകൾ തുറക്കുന്നതിന് മുമ്പേ കാര്യങ്ങൾ കുറച്ചു കൂടി മെച്ചപ്പെടാനുണ്ടെന്നും മന്ത്രി പറഞ്ഞു. മുംബൈ അടക്കമുള്ള റെഡ്സോണുകളുടെ സ്ഥിതി കൂടി പരിഗണിച്ചാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
സംസ്ഥാനത്തെ മുൻസിപ്പൽ കോർപ്പറേഷൻ പ്രദേശങ്ങളായ മുംബൈ, പൂനെ, താനെ, നാഗ്പൂർ തുടങ്ങി 15 നഗരങ്ങളെ റെഡ് സോണായി കണക്കാക്കിയിട്ടുണ്ട്. മേയ് 22 മുതൽ മറ്റു പ്രദേശങ്ങളിൽ നിയന്ത്രണങ്ങളോട് കൂടി ഇളവുകളും നൽകി നോൺ റെഡ് സോൺ പ്രദേശങ്ങളാക്കി മാറ്റിയിട്ടുണ്ട്. സാമൂഹ്യ അകലം പാലിച്ചുകൊണ്ട് സ്കൂളുകൾ ഷിഫ്റ്റുകളായി തുറക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്. സ്കൂളിലെ സമയക്രമം കുറക്കുന്നത് സംബന്ധിച്ചും രാവിലെ അസംബ്ലികൾ ഒഴിവാക്കുക, സ്പോർട്ട്സ് പ്രവർത്തനങ്ങൾ നിർത്തിവെക്കുക തുടങ്ങിയ കാര്യങ്ങളും അനുബന്ധമായി ആലോചിക്കുന്നുണ്ടെന്നും മന്ത്രി ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
Discussion about this post