ന്യൂഡല്‍ഹി; അന്നന്നത്തെ അന്നത്തിനായി ഉന്തുവണ്ടിയില്‍ മാമ്പഴ വില്‍പ്പന നടത്തി ജീവിച്ചു വന്നിരുന്ന മനുഷ്യനെ കൊള്ളയടിക്കുന്ന ജനക്കൂട്ടത്തിന്റെ ദൃശ്യങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ നിറഞ്ഞിരുന്നത്. വില്ക്കാന് വെച്ചിരുന്ന മാമ്പഴങ്ങള്‍ ഒന്ന് പോലും ബാക്കി വെയ്ക്കാതെയാണ് ജനക്കൂട്ടം കവര്‍ന്നത്. നിസഹായനായി നില്ക്കുന്ന ഛോട്ടുവിന്റെ മുഖം പലരുടെയും കണ്ണുകളെ ഈറനണിയിച്ചിരുന്നു.
എന്നാല്‍ ഇപ്പോള്‍ ഛോട്ടുവിനും മഹാനന്മ കൈവന്നിരിക്കുകയാണ്. ഛോട്ടുവിന്റെ ദയനീയ അവസ്ഥ കണ്ടതോടെ പലരും സഹായഹസ്തവുമായി രംഗത്തെത്തി. ഏകദേശം 8 ലക്ഷം രൂപയാണ് ഛോട്ടുവിന്റെ ബാങ്ക് അക്കൗണ്ടില്‍ വന്ന് ചേര്‍ന്നത്. കൈവണ്ടിയിലാണ് ഛോട്ടു മാമ്പഴക്കച്ചവടം ചെയ്ത് വന്നിരുന്നത്. ഡല്‍ഹി ജഗത്പൂരിയിലെ ഒരു സ്കൂളിന് മുന്നിലായിരുന്നു ഛേട്ടുവിന്റെ കച്ചവടം.
കൊവിഡ് നിയന്ത്രണങ്ങളൊക്കെ ഉള്ളതിനാല്‍ ഒരു വിഭാഗം പേര് ഉന്തുവണ്ടി ഇവിടെ നിന്ന് മാറ്റണം എന്ന് ഛോട്ടുവിനോട് ആവശ്യപ്പെട്ടു. ഇതു അനുസരിച്ച് ഉന്തുവണ്ടി മാറ്റിയിട്ട് തിരികെ വന്നപ്പോള്‍ ഇദ്ദേഹം വില്‍പ്പനയ്ക്കായി ഒരുക്കിയിരുന്ന 15 കൂട മാമ്പഴങ്ങള്‍ ജനക്കൂട്ടം കൊണ്ടുപോയിരുന്നു. ഏകദേശം 30,000 രൂപയുടെ മാമ്പഴമാണ് ഇത്തരത്തില്‍ ആളുകള്‍ കൊണ്ടുപോയത്.
ജനം തിക്കിത്തിരത്തി മാമ്പഴവുമായി പോകുന്നത് ആരോ മൊബൈലില്‍ വീഡിയോ പകര്‍ത്തി പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. വീഡിയോ വൈറലായതിന് പിന്നാലെ എന്‍ഡിടിവി ഛോട്ടുവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും വാര്‍ത്തയില്‍ ഉള്‍പ്പെടുത്തി. ഇതോടെയാണ് സഹായങ്ങളുടെ പ്രവാഹം തുടങ്ങിയത്.
Discussion about this post