ന്യൂഡൽഹി: കൊവിഡ് രോഗം ട്രാക്ക് ചെയ്യാനുള്ള ആരോഗ്യസേതു ആപ്ലിക്കേഷനിൽ ഗ്രീൻ സിഗ്നൽ കാണിക്കുന്ന ആഭ്യന്തര വിമാനയാത്രികർ നിരീക്ഷണത്തിൽ കഴിയേണ്ടതില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു. ആഭ്യന്തര വിമാനയാത്രയുമായി ബന്ധപ്പെട്ട് കേന്ദ്രം പുറത്തിറക്കിയ മാർഗനിർദേശങ്ങളിൽ വ്യക്തത വരുത്താനായി പൊതുജനങ്ങളുമായി ചേർന്ന ഓൺലൈൻ മീറ്റിങ്ങിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ആരോഗ്യസേതുവിൽ സേഫ്/ഗ്രീൻ സിഗ്നൽ കാണിക്കുന്നവർ നിരീക്ഷണത്തിൽ കഴിയേണ്ടത് എന്തിനാണ്? അതിന്റെ ആവശ്യമില്ല. എന്നാൽ ആരോഗ്യസേതു ആപ്ലിക്കേഷനിൽ ചുവന്ന സിഗ്നൽ കാണിക്കുന്നവരെ വിമാനത്താവളത്തിൽ പ്രവേശിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോൾ പൂർണമായും നിർത്തിവെച്ചിരിക്കുന്ന അന്താരാഷ്ട്ര വിമാനസർവീസുകളിൽ ഭൂരിഭാഗവും ഓഗസ്റ്റ്-സെപ്റ്റംബർ മാസത്തോടെ പുനരാരംഭിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. എന്നാൽ അക്കാര്യത്തിൽ തീരുമാനമെടുക്കുന്നത് സാഹചര്യത്തെക്കൂടി പരിഗണിച്ചാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കേരളമുൾപ്പെടെ ആറ് സംസ്ഥാനങ്ങൾ ആഭ്യന്തര വിമാനയാത്രികർ 14 ദിവസം ക്വാറന്റീനിൽ കഴിയണമെന്ന് നിർദേശിച്ചിരുന്നു.
Discussion about this post