ഹൈദരാബാദ്: ഒരു കുടുംബത്തിലെ ആറു പേര് അടക്കം ഒന്‍പതു പേരെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തെലങ്കാനയിലാണ് സംഭവം. നാലുപേരുടെ മൃതദേഹം ഒരുദിവസം മുമ്പും അഞ്ചുപേരുടെ ഇന്നലെ രാവിലെയുമാണ് കിണറ്റില്‍ നിന്നും കണ്ടെത്തിയത്.
മരിച്ചവരെല്ലാം കുടിയേറ്റ തൊഴിലാളികളാണ്. തെലങ്കാനയിലെ വാറങ്കലിലെ ചണച്ചാക്ക് നിര്‍മ്മാണ കമ്പനിയിലെ തെഴിലാളിയായ മുഹമ്മദ് മക്ദ്സൂദ് അലാം, ഭാര്യ നിഷ, മക്കള്‍ അടക്കം ഒരു കുടുംബത്തിലെ ആറുപേരും മറ്റ് തൊഴിലാളികളായ ശ്രീറാം, ശ്യാം, ഷക്കീല്‍ അഹമ്മദ് എന്നിവരെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പോലീസ് സംശയിക്കുന്നു. പശ്ചിമ ബംഗാള്‍, ത്രിപുര, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നുളള സ്വദേശികളാണ്. കൊറോണയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ കഴിഞ്ഞ രണ്ട് മാസമായി ഇവര്‍ക്ക് തൊഴിലുണ്ടായിരുന്നില്ല.
ഇതേത്തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി ആത്മഹത്യയിലേക്ക് നയിച്ചതാണോ എന്നും പോലീസ് സംശയിക്കുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തി വരികയാണ്. അതേസമയം, ഒരു കുടുംബത്തിലെ ആറു പേര്‍ക്ക് പുറമേ മറ്റു തൊഴിലാളികളുടെ മൃതദേഹം കൂടി കണ്ടെത്തിയ സാഹചര്യത്തില്‍ വിവിധ കോണുകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് പോലീസ് തയ്യാറെടുക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിലായി തൊഴിലാളികളെയും കുടുംബത്തെയും കാണതെ വന്നതോടെയാണ് കമ്പനിയുടമയടക്കം തിരച്ചില്‍ നടത്തിയത്. തുടര്‍ന്നാണ് സമീപത്തെ കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. ആദ്യം നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി്. പിന്നാലെ കിണറ്റില്‍ നടത്തിയ തിരച്ചിലിലാണ് ബാക്കി അഞ്ച് പേരുടേയും മൃതദേഹം കണ്ടെത്തിയത്.
Discussion about this post