ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ ലോക ആരോഗ്യ സംഘടനയുടെ എക്‌സിക്യൂട്ടീവ് ബോര്‍ഡ് ചെയര്‍മാനായി ചുമതലയേറ്റു. കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തിനിടയിലാണ് കേന്ദ്രമന്ത്രി ചുമതലയേറ്റിരിക്കുന്നത്. ജപ്പാനില്‍ നിന്നുള്ള ഡോ.ഹിരോഷ് നതാകിനിയുടെ കാലാവധി പൂര്‍ത്തിയായതോടെയാണ് നിയമനം.
‘പകര്‍ച്ചാവ്യാധി കാരണം ലോകം മുഴുവന്‍ പ്രതിസന്ധിയിലായിരിക്കുന്ന ഘട്ടത്തിലാണ് ഞാന്‍ ഈ ഓഫീസിലേക്ക് പ്രവേശിക്കുന്നതെന്ന് അറിയാം. വരുന്ന രണ്ട് ദശകങ്ങളില്‍ ആരോഗ്യ രംഗത്ത് നിരവധി വെല്ലുവിളികള്‍ ഉണ്ടാകുമെന്നാണ് നമ്മള്‍ മനസിലാക്കുന്നത്. ഈ പ്രതിസന്ധികള്‍ക്കെതിരേ നമ്മള്‍ ഒറ്റക്കെട്ടായി പോരാടണം.’- ലോകാരോഗ്യ സംഘടന എക്സിക്യൂട്ടീവ് ബോര്‍ഡ് ചെയര്‍മാനായി ചുമതലയേറ്റ ശേഷം അദ്ദേഹം പറഞ്ഞു.
ഈ മെയ് മുതല്‍ മൂന്ന് വര്‍ഷത്തെ കാലാവധിക്ക് ഇന്ത്യയുടെ നോമിനിയെ എക്സിക്യൂട്ടീവ് ബോര്‍ഡിലേക്ക് തിരഞ്ഞെടുക്കാന്‍ ലോകാരോഗ്യ സംഘടനയുടെ സൗത്ത്-ഈസ്റ്റ് ഏഷ്യ ഗ്രൂപ്പ് കഴിഞ്ഞ വര്‍ഷം തീരുമാനിച്ചിരുന്നു. ആരോഗ്യമേഖലയില്‍ കഴിവുതെളിയിച്ച 34 പേരാണ് എക്സിക്യൂട്ടീവ് ബോര്‍ഡില്‍ ഉള്‍പ്പെടുന്നത്. ഒരു വര്‍ഷമാണ് ചെയര്‍മാന്‍ കാലാവധി. മൂന്ന് വര്‍ഷത്തേക്കാണ് ബോര്‍ഡില്‍ അംഗത്വം ഉണ്ടാവുക.