വിവാഹമോചനക്കേസ് നടക്കുന്നതിനിടെ മറ്റൊരു വിവാഹം കഴിച്ചു; കലിപൂണ്ട മക്കൾ വൈദ്യുതി വകുപ്പ് ജീവനക്കാരനെ കൊലപ്പെടുത്തി

ചെന്നൈ: വിവാഹമോചനക്കേസ് കോടതിയിൽ നീണ്ടു പോകുന്നതിനിടെ രണ്ടാം വിവാഹം കഴിച്ച വൈദ്യുതി വകുപ്പ് ജീവനക്കാരനെ മക്കൾ കഴുത്തറുത്ത് കൊന്നു. അരിയാലൂർ പെരിയതിരുക്കോലം സ്വദേശിയും വൈദ്യുതി വകുപ്പ് ജീവനക്കാരനുമായ കനകസഭ (52) ആണു കൊല്ലപ്പെട്ടത്. സംഭവത്തിൽ കനകസഭയുടെ മക്കളായ ആനന്ദ് (22), വിനോദ് (23) എന്നിവർ അറസ്റ്റിലായി.

എന്നാൽ, കനകസഭ മരിച്ചാൽ ലഭിക്കാൻ സാധ്യതയുള്ള ആശ്രിത നിയമനം ആഗ്രഹിച്ചാണ് മക്കൾ കനകസഭയെ കൊലപ്പെടുത്തിയതെന്നു രണ്ടാം ഭാര്യയായ സംഗീത ആരോപിച്ചു.

കനകസഭയും ആദ്യ ഭാര്യയും 12 വർഷം മുമ്പ് വേർപിരിഞ്ഞതാണ്. 8 വർഷമായി കുടുംബ കോടതിയിൽ ഇവരുടെ വിവാഹ മോചനക്കേസ് നടക്കുകയാണ്. ഇതിനിടെ, കനകസഭ സംഗീതയ്‌ക്കൊപ്പം ജീവിക്കാനും ആരംഭിച്ചു. മക്കൾ ആദ്യ ഭാര്യയ്‌ക്കൊപ്പമായിരുന്നു.

കനകസഭയെ കാണാനായി കഴിഞ്ഞ ദിവസം മക്കളെത്തിയപ്പോൾ ഇയാൾ മോശമായി പെരുമാറിയതായി നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി ഡ്യൂട്ടിയിലായിരുന്ന കനകസഭയെ ഓഫീസിനു സമീപം കഴുത്തറുത്തു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.

Exit mobile version