ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 6088 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 118447 ആയി ഉയര്‍ന്നു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ളത്. 41,642 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. 1455 പേരാണ് ഇവിടെ വൈറസ് ബാധമൂലം മരിച്ചത്.
മുംബൈയില്‍ അതിവേഗത്തിലാണ് രോഗം പടരുന്നത്. കഴിഞ്ഞദിവസം മാത്രം 1382 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രാ പോലീസിലെ രണ്ട് പേര്‍കൂടി മരിച്ചതോടെ സംസ്ഥാനത്ത് കൊറോണ ബാധിച്ച് മരിക്കുന്ന പോലീസുകാരുടെ എണ്ണം 14 ആയി. വൈറസ് സ്ഥിരീകരിച്ച പോലീസുകാരുടെ എണ്ണം സംസ്ഥാനത്ത് 1400ലേക്ക് അടുക്കുകയാണ്. ധാരാവി ചേരിപ്രദേശത്ത് കഴിഞ്ഞ ദിവസം 47 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ഇവിടെ രോഗബാധിതര്‍ 1452 ആയി. ഡല്‍ഹിയിലും, ഗുജറാത്തിലും, തമിഴ്നാട്ടിലും വൈറസ് ബാധിതരുടെ എണ്ണം ഉയരുകയാണ്. ഡല്‍ഹിയില്‍ തുടര്‍ച്ചയായ മൂന്നാംദിവസവും അഞ്ഞൂറിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഗുജറാത്തില്‍ വ്യാഴാഴ്ച 371 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. അതേസമയം സംസ്ഥാനത്ത് 269 പേര് കൂടി രോഗമുക്തി നേടിയതോടെ രോഗം ഭേദപ്പെട്ടവരുടെ ആകെ എണ്ണം 5488 ആയി ഉയര്‍ന്നു. രോഗം സ്ഥിരീകരിച്ചവരില്‍ 9449 പേര് അഹമ്മദാബാദിലാണ്. വ്യാഴാഴ്ച 233 പേരിലാണ് ഇവിടെ വൈറസ് കണ്ടെത്തിയത്. 17 പേര് കൂടി മരിച്ചതോടെ അഹമ്മദാബാദിലെ മരണസംഖ്യ 619 ആയി. തമിഴ്നാട്ടില്‍ വൈറസ് ബാധിതരുടെ എണ്ണം പതിനാലായിരത്തോടടുത്തു. വ്യാഴാഴ്ച 776 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഏഴ് പേര് കൂടി മരിച്ചു. ചെന്നൈയില്‍ 567 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവിടെ ഇതുവരെ 8795 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
Discussion about this post