ന്യൂഡല്‍ഹി: വീശിയടിച്ച ഉംപുണ്‍ ചുഴലിക്കാറ്റില്‍ നാശനഷ്ടങ്ങള്‍ നേരിട്ട പശ്ചിമബംഗാളിലും ഒഡീഷയിലും ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി സന്ദര്‍ശനം നടത്തും. കൊറോണയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി ഡല്‍ഹിയ്ക്കു പുറത്ത് സന്ദര്‍ശനം നടത്തുന്നത്.
ഉംപുണ്‍ ചുഴലിക്കാറ്റിന്റെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി പശ്ചിമബംഗാളിലും ഒഡീഷയിലും പ്രധാനമന്ത്രി ഇന്ന് ആകാശനിരീക്ഷണം നടത്തുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. ആകാശനിരീക്ഷണം നടത്തുന്നതിനു പുറമേ യോഗങ്ങളിലും അദ്ദേഹം പങ്കെടുക്കുമെന്നും ദുരിതാശ്വാസവും പുനരധിവാസവും സംബന്ധിച്ച കാര്യങ്ങളും ചര്‍ച്ച ചെയ്യുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കൊറോണയേക്കാള്‍ ഉംപുണ്‍ ചുഴലിക്കാറ്റ് സംസ്ഥാനത്തിന് മേല്‍ പ്രഹരമേല്‍പ്പിച്ചുവെന്ന് കഴിഞ്ഞ് ദിവസം മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞിരുന്നു. വന്‍ നാശനഷ്ടം നേരിട്ട സംസ്ഥാനത്തിന് വേണ്ട സഹായധനം നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.
ചുഴലിക്കാറ്റില്‍ പശ്ചിമബംഗാളില്‍ മാത്രം 72 പേര് മരിച്ചതായാണ് ഔദ്യോഗിക വിവരം. കൊല്‍ക്കത്തയില്‍ മാത്രം മരണം 15 ആയി. വീട് തകര്‍ന്നുവീണും, വീടിന് മുകളില്‍ മരണം വീണും, തകര്‍ന്നുവീണ വൈദ്യുതക്കമ്പിയില്‍ നിന്ന് ഷോക്കേറ്റുമാണ് മരണങ്ങളുണ്ടായതെന്നും മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു.
Discussion about this post