ന്യൂഡല്‍ഹി: പാകിസ്താന്‍ ഒരു മതേതര രാജ്യമായി മാറിയാല്‍ മാത്രമേ ഇന്ത്യയുമായി നല്ലൊരു ബന്ധം ഉണ്ടാവൂ എന്ന് സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. ഇന്ത്യയുമായി സമാധനപരമായ ബന്ധം ഉണ്ടാക്കുന്നതിനും ചര്‍ച്ചകള്‍ നടത്തുന്നതിനും താല്‍പര്യമറിയിച്ചുകൊണ്ടുള്ള പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ബിപിന്‍ റാവത്ത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് നിരവധി തവണ ഇന്ത്യ മുന്‍കൈ എടുത്തിരുന്നു. ഇനി പാകിസ്താന്റെ അവസരമാണ്. ഭീകരവാദത്തിനെതിരായ ശക്തമായ നടപടികള്‍ പാകിസ്താന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
ഒരു മുസ്ലിം രാജ്യമായാണ് പാകിസ്താന്‍ രൂപപ്പെട്ടിട്ടുള്ളത്. ഇന്ത്യയുമായി സൗഹാര്‍ദ്ദപരമായ ബന്ധം നിലനിര്‍ത്തണമെങ്കില്‍ പാകിസ്താന്‍ ഒരു മതേതര രാജ്യമായി വികസിക്കണം. ഇന്ത്യ ഒരു മതേതര രാജ്യമാണ്. അതുപോലെ പാകിസ്താനും മാറുകയാണെങ്കില്‍ അവര്‍ക്ക് ഇന്ത്യയുമായുള്ള സൗഹാര്‍ദ്ദത്തിന് അവര്‍ക്ക് അവസരം ലഭിക്കും- സൈനിക മേധാവി പറഞ്ഞു. ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് ശക്തമായ നടപടികളുമായി മുന്നോട്ടുപോകുകയാണെന്ന പാകിസ്താന്റെ അവകാശവാദം യാഥാര്‍ഥ്യങ്ങള്‍ക്കു നിരക്കുന്നതല്ല. ഭീകരവാദവും സമാധന ചര്‍ച്ചകളും ഒരുമിച്ചു പോവില്ലെന്നുതന്നെയാണ് ഇന്ത്യയുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് ഇന്ത്യ ഒരു ചുവട് മുന്നോട്ടുവെച്ചാല്‍ പാകിസ്താന്‍ രണ്ടു ചുവടുവെക്കുമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
Discussion about this post