ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി നാളെ പശ്ചിമ ബംഗാളിലെ ഉംപുന്‍ ബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിക്കും. മുഖ്യമന്ത്രി മമത ബാനര്‍ജിക്കൊപ്പം ദുരന്തമേഖലകളില്‍ ആകാശനിരീക്ഷണം നടത്തി നാശനഷ്ടം വിലയിരുത്തും. മമതബാനര്‍ജി ആവശ്യപ്പെട്ടതനുസരിച്ചാണ് പ്രധാനമന്ത്രി എത്തുന്നത്.
ഉംപുന്‍ ചുഴലിക്കാറ്റ് പശ്ചിമ ബംഗാളില്‍ വ്യാപക നാശനഷ്ടമുണ്ടാക്കിയിരുന്നു.
ചുഴലിക്കാറ്റിനെ തുടര്‍ന്ന് ബംഗാളില്‍ 72 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ബംഗാള്‍ നേരിട്ട ഏറ്റവും വലിയ ദുരന്തമെന്നാണ് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞത്. കോവിഡിനേക്കാള്‍ നാശമുണ്ടാക്കി. മരിച്ചവരുടെ കുടുംബത്തിനു ബംഗാള്‍ സര്‍ക്കാര്‍ രണ്ടര ലക്ഷം രൂപ നഷ്ട പരിഹാരം പ്രഖ്യാപിച്ചു.
സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി വെള്ളിയാഴ്ച രാവിലെ കൊല്‍ക്കത്തയിലെത്തുമെന്നാണ് സൂചന. സന്ദര്‍ശനത്തില്‍ പശ്ചിമ ബംഗാളിന് ദുരിതാശ്വാസ സഹായം പ്രഖ്യാപിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബംഗാളിലെ കിഴക്കന്‍ മദിനിപുര്‍ ജില്ലയിലെ ദിഗ തീരത്ത് ബുധനാഴ്ച 2.30നാണ് ഉംപുന്‍ ആഞ്ഞടിക്കാന്‍ തുടങ്ങിയത്. മണിക്കൂറില്‍ 160-170 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിച്ച് 190 വരെ വേഗമാര്‍ജിച്ച ചുഴലിക്കാറ്റ് തീരദേശപ്രദേശങ്ങളിലെ മരങ്ങളും വൈദ്യുതത്തൂണുകളും പിഴുതെറിഞ്ഞു. ഒട്ടേറെ വീടുകളും കെട്ടിടങ്ങളും തകര്‍ന്നു.
പശ്ചിമ ബംഗാളിനൊപ്പം ചുഴലിക്കാറ്റ് നാശംവിതച്ച ഒഡീഷയും പ്രധാനമന്ത്രി സന്ദര്‍ശിച്ചേക്കും.
Discussion about this post