ന്യൂഡൽഹി: രാജ്യത്ത് തിങ്കളാഴ്ച മുതൽ പുനരാരംഭിക്കുന്ന ആഭ്യന്തര വിമാന സർവീസുകളിൽ വിമാനത്തിനകത്ത് സാമൂഹിക അകലം പാലിക്കില്ലെന്ന് വ്യോമയാനമന്ത്രി ഹർദീപ് സിങ് പുരി. മധ്യഭാഗത്തെ സീറ്റുകൾ ഒഴിച്ചിടുന്നത് പ്രായോഗികമല്ലെന്നും സീറ്റ് ഒഴിച്ചിടുകയാണെങ്കിൽ വിമാനയാത്ര നിരക്കിൽ 33% വർധന ഏർപ്പെടുത്തേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.
‘മധ്യഭാഗത്തെ സീറ്റ് ഒഴിച്ചിടുന്നത് പ്രായോഗികമല്ല. മധ്യഭാഗത്തെ സീറ്റ് ഒഴിഞ്ഞുകിടക്കുകയാണെങ്കിലും സാമൂഹിക അകലത്തിനായി നിഷ്‌കർഷിച്ചിട്ടുള്ള ദൂരം പാലിക്കാനാകാത്ത സാഹചര്യമായിരിക്കും വിമാനത്തിനകത്ത് ഉണ്ടാവുക. ഇനി അപ്രകാരം ചെയ്യണമെങ്കിൽ വിമാന യാത്രക്കൂലി 33% ഉയർത്തേണ്ടതുണ്ട്.’- അദ്ദേഹം വിശദീകരിച്ചു.
തിങ്കളാഴ്ച മുതൽ ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിക്കുന്നതായി കഴിഞ്ഞ ദിവസമാണ് വ്യോമയാനമന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചത്. വൈറസ് ബാധയിൽനിന്ന് സുരക്ഷ ഉറപ്പു വരുത്തുന്നതിനായി സാമൂഹിക അകലം, മിനിമം സമ്പർക്കം എന്നിവ അടിസ്ഥാനമാക്കി സർക്കാരുമായി സഹകരിച്ച് വിശദമായ വൈറസ് പ്രതിരോധ പദ്ധതികൾ വിമാനത്താവള അധികൃതർ ആവിഷ്‌കരിച്ചിട്ടുണ്ട്.
സമ്പർക്കരഹിത ഇടപെടൽ ചെക്ക് ഇൻ മുതൽ ആരംഭിക്കും. യാത്രക്കാർക്ക് ടിക്കറ്റ് ബാർകോഡ് നൽകും അതുവഴി അവർക്ക് വിമാനത്താവളത്തിലേക്ക് പ്രവേശിക്കാം. ലഗേജിൽ ബാഗേജ് ടാഗ് ഉപയോഗിക്കില്ല. വിമാനത്താവളത്തിലെ എല്ലാ ഇടങ്ങളിലും സാമൂഹിക അകലം പാലിക്കേണ്ടതുണ്ട്. ഗേറ്റുകൾക്ക് പുറത്തു മുതൽ കഫ്‌റ്റേരിയ വരെ. എന്നാൽ സാമൂഹിക അകലം പാലിക്കാൻ സാധിക്കാത്ത ഒരേയൊരു സ്ഥലം വിമാനം മാത്രമായിരിക്കും. കാരണം മധ്യഭാഗത്തെ സീറ്റ് ഒഴിച്ചിട്ട് സീറ്റിങ് ശേഷി കുറയ്ക്കുന്നത് ടിക്കറ്റ് നിരക്ക് വളരെയധികം ഉയർത്തുന്നതിന് ഇടയാക്കുമെന്നും അധികൃതർ വിശദീകരിക്കുന്നു.
Discussion about this post