ന്യൂഡല്‍ഹി: ഭാര്യയുടെ കാമുകന് വിഷം കൊടുത്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് സംശയിച്ച് കൊറോണ വൈറസ് ബാധ തടയുന്നതിനുള്ള മരുന്നെന്ന വ്യാജേനയാണ് ഹോംഹാര്‍ഡിനും കുടുംബത്തിനും വിഷം നല്‍കിയത്. ഇതിനായി രണ്ട് സ്ത്രീകളെ ഉപയോഗിക്കുകയും ചെയ്തു. സ്ത്രീകളെ വാടകയ്ക്ക് എടുത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ എന്ന വ്യാജേന ഇയാള്‍ മരുന്ന് കൊടുത്ത് അയക്കുകയായിരുന്നു.
വടക്കന്‍ ഡല്‍ഹിയിലെ അലിപൂര്‍ പ്രദേശത്ത് ഞായറാഴ്ച രാവിലെയാണ് സംഭവം. സംഭവത്തില്‍ പ്രദീപ് (42) എന്നയാളാണ് അറസ്റ്റിലായത്. ഹോം ഗാര്‍ഡനോട് പ്രതികാരം ചെയ്യാനാണ് പ്രദീപ് സ്ത്രീകളെ വാടകയ്ക്ക് എടുത്തതെന്ന് പോലീസ് പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകരാണെന്ന് പറഞ്ഞാണ് സ്ത്രീകള്‍ ഹോംഗാര്‍ഡിന്റെ വീട്ടില്‍ എത്തിയത്. അണുബാധ തടയാനുള്ള മരുന്നാണിതെന്ന് സ്ത്രീകള്‍ കുടുംബാംഗങ്ങളോട് പറഞ്ഞു. സുരക്ഷിതരായിരിക്കാന്‍ ഇത് കഴിക്കണമെന്നും ഉപദേശിക്കുകയും ചെയ്തു.
തുടര്‍ന്ന് സ്ത്രീകള്‍ കുടുംബത്തിന് ദ്രാവക രൂപത്തിലുള്ള ഒന്ന് കഴിക്കാനായി കൊടുത്തതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു. ഇത് കഴിച്ച കുടുംബാംഗങ്ങളുടെ ആരോഗ്യസ്ഥിതി വഷളായി. ഇവരെ ഉടന്‍തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് രണ്ട് സ്ത്രീകളെ പോലീസ് തിരിച്ചറിഞ്ഞത്. ഇവരാണ് പ്രദീപിനെ കുറിച്ച് വിവരം നല്‍കിയത്. ഇതോടെ പ്രദീപ് അറസ്റ്റിലാവുകയായിരുന്നു.