ന്യൂഡല്‍ഹി: അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ കുടിയേറ്റക്കാര്‍ക്കായി ഏര്‍പ്പാടാക്കിയ ബസുകള്‍ തിരിച്ചുവിളിച്ച് പ്രിയങ്ക ഗാന്ധി. 24 മണിക്കൂര്‍ കാത്തിട്ടും യുപി സര്‍ക്കാറിന്റെ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് ബസുകള്‍ തിരിച്ചുവിളിച്ചതെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.
വൈകിട്ട് നാല് മണി വരെ കാത്ത ശേഷമാണ് പ്രിയങ്ക ബസുകള്‍ തിരിച്ചയക്കുന്നത്. അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് നിരവധി ബസുകളാണ് യുപിയുമായുള്ള ഡല്‍ഹി അതിര്‍ത്തിയില്‍ രാവിലെ മുതല്‍ കാത്തുകിടന്നിരുന്നത്. സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇവിടെ പ്രതിഷേധം നടത്തുകയും ചെയ്തു.
‘വൈകുന്നേരം നാല് മണിയോടെ ബസുകള്‍ ലഭ്യമാക്കിയിട്ട് 24 മണിക്കൂറാകും. നിങ്ങള്‍ക്ക് താത്പര്യമുണ്ടെങ്കില്‍ അത് ഉപയോഗിക്കുക, ഞങ്ങള്‍ക്ക് അനുമതി നല്‍കുക. ബിജെപി പതാകകളും പോസ്റ്ററുകളും ഒട്ടിച്ച് ബസുകള്‍ക്ക് അനുമതി നല്കാന് സാധിക്കുമെങ്കില്‍ അങ്ങനേയും ചെയ്തോളൂ, കുടിയേറ്റക്കാരുമായി ബസുകള്‍ ഓടട്ടെ’ പ്രിയങ്ക ഗാന്ധി പറഞ്ഞു.
നാല് മണിക്ക് മുമ്പ് ബസുകള്‍ക്ക് അനുതി ലഭിച്ചില്ലെങ്കില്‍ അവ തിരിച്ചയക്കും. എന്നാലും കോണ്‍ഗ്രസും അതിന്റെ പ്രവര്‍ത്തകരും കുടിയേറ്റക്കാര്‍ക്ക് ഭക്ഷണവും മറ്റു സാധ്യമായ എല്ലാ സഹായവും നല്‍കുന്നത് തുടരുമെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
അതേസമയം, പ്രിയങ്കയും കോണ്‍ഗ്രസും കുടിയേറ്റ വിഷയം രാഷ്ട്രീയം കലര്‍ത്തി ഉപയോഗിക്കുകയാണെന്ന് ആരോപിച്ച് ബിജെപി നേതാക്കള്‍ രംഗത്തെത്തി.
Discussion about this post