ന്യൂഡല്‍ഹി: കേരളത്തിലേക്കുള്ള ആദ്യ ശ്രമിക് ട്രെയിന്‍ ഇന്ന് ഡല്‍ഹിയില്‍ നിന്ന് പുറപ്പെടും. ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വൈകീട്ട് അഞ്ച് മണിക്കാണ് ട്രെയിന്‍ പുറപ്പെടുക. കേരളത്തില്‍ അഞ്ച് സ്റ്റോപ്പുകളാണ് ഇപ്പോള്‍ പറഞ്ഞിട്ടുള്ളത്. കോഴിക്കോട്, തൃശ്ശൂര്‍, എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളാണ് സ്റ്റോപ് അനുവദിച്ചിട്ടുള്ളത്. യാത്രക്കാര്‍ക്കുള്ള പരിശോധന രാവിലെ മുതല്‍ ഡല്‍ഹിയിലെ വിവിധ കേന്ദ്രങ്ങളില്‍ ആരംഭിക്കും.
വൈകീട്ട് അഞ്ച് മണിക്ക് ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ട്രെയിന്‍ പുറപ്പെടുന്നത്. യാത്രക്കായി 1304 പേരുടെ പട്ടികയാണ് ഇപ്പോള്‍ തയ്യാറാക്കിയിട്ടുള്ളത്. 971 പേര് ഡല്‍ഹിയില്‍ നിന്നും 333 പേര് യുപി, ജമ്മുകാശ്മീര്‍, ഹരിയാന, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നുമാണ്. യാത്രക്കാരില്‍ കൂടുതലും വിദ്യാര്‍ത്ഥികളാണ്.
ഡല്‍ഹിയില്‍ നിന്നുള്ള യാത്രക്കാര്‍ ഇന്ന് രാവിലെ ഒമ്പത് മണിക്ക് സ്ക്രീനിംഗ് സെന്ററുകളിലെത്തി പരിശോധനയ്ക്ക് വിധേയമാകണമെന്ന് അറിയിച്ചിട്ടുണ്ട്. 12 സ്ക്രീനിംഗ് സെന്ററുകളാണ് ജില്ലാടിസ്ഥാനത്തില്‍ ഇപ്പോള്‍ ക്രമീകരിച്ചിട്ടുള്ളത്. ഇവരെ ഡല്‍ഹി സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന വാഹനങ്ങളില്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിക്കും.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ അതത് സര്‍ക്കാരുകളുടെ നിര്‍ദ്ദേശം പാലിച്ച് എക്സിറ്റ് പാസുമായി കാനിംഗ് റോഡിലുള്ള കേരള സ്കൂളില്‍ സ്ക്രീനിംഗിന് വിധേയരാകണമെന്നാണ് അധികൃതര്‍ അറിയിച്ചത്. ടിക്കറ്റിന് പണം അടയ്ക്കാത്തവര്‍ക്ക് അതിനുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്. യാത്രക്കാര്‍ രണ്ട് ദിവസത്തെ യാത്രയ്ക്കുള്ള ഭക്ഷണവും വെള്ളവും സാനിട്ടൈസര്‍, മാസ്ക് തുടങ്ങിയവ കരുതണമെന്നും ട്രെയിനിനകത്തും പുറത്തും സാമൂഹിക അകലം പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
Discussion about this post