ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധയിടങ്ങളിൽ ലോക്ക്ഡൗൺ കാരണം കുടുങ്ങിക്കിടക്കുന്ന കുടിയേറ്റ തൊഴിലാളികൾക്ക് ഉത്തർ പ്രദേശിലേക്ക് മടങ്ങിയെത്താൻ അനുമതിയാവശ്യപ്പെട്ട് കോൺഗ്രസ് പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി അയച്ച ബസുകളുടെ പട്ടികയിൽ ഓട്ടോറിക്ഷകളും മിനി കാറുകളും. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ബിജെപിയാണ് രംഗത്തെത്തിയിരിക്കുന്നത്. മുഖ്യമന്ത്രി ആദിത്യനാഥിന് കൈമാറിയ പട്ടികയിൽ ഓട്ടോറിക്ഷകളും സ്‌കൂട്ടറുകളും ഗുഡ്‌സ് വാഹനങ്ങളും ഉള്ളതായി യുപി മന്ത്രി സിദ്ധാർഥ് നാഥ് സിങ് പറഞ്ഞു.
തികച്ചും നിർഭാഗ്യകരമായ കാര്യമാണിതെന്നും ഇത്തരമൊരു തട്ടിപ്പിനെ കുറിച്ച് സോണിയ ഗാന്ധി വിശദീകരണം നൽകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രാഥമികാന്വേഷണം നടത്തിയതായും മന്ത്രി അറിയിച്ചു.
വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ സഹായിക്കണമെന്ന് കോൺഗ്രസിന് ഉദ്ദേശമില്ലെന്നും നാളുകളായി അഴിമതിയ്ക്ക് പേര് കേട്ട പാർട്ടിയാണെന്നും സിദ്ധാർഥ് നാഥ് സിങ് പറഞ്ഞു. കോൺഗ്രസ് പാർട്ടി വെറുമൊരു വ്യാജപാർട്ടിയാണെന്നും മന്ത്രി പറഞ്ഞു. പ്രിയങ്ക ഗാന്ധി നൽകിയ പട്ടികയിൽ ആംബുലൻസുകളും ട്രാക്ടറുകളും സ്‌കൂട്ടറുകളും കാറുകളുമുണ്ടെന്ന ബിജെപി നേതാവ് സമ്പിത് പത്ര ട്വീറ്റ് ചെയ്തു.