കൊവിഡ് 19; ഡല്‍ഹിയില്‍ നിന്നും ബിഹാറിലേക്ക് മടങ്ങിയെത്തിയ നാലിലൊന്ന് തൊഴിലാളികള്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു

പാറ്റ്‌ന: ഡല്‍ഹിയില്‍ നിന്നും ബിഹാറിലേക്ക് മടങ്ങിയെത്തിയ നാലിലൊന്ന് തൊഴിലാളികള്‍ക്കും കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ നിന്നെത്തിയ 835 പേരെ പരിശോധിച്ചതില്‍ 218 പേര്‍ക്കും(26%) വൈറസ് ബാധ സ്ഥിരീകരിച്ചുവെന്നാണ് ബിഹാറിലെ ദേശീയ ആരോഗ്യ മിഷന്‍ തലവന്‍ മനോജ്കുമാര്‍ അറിയിച്ചത്. അതേസമയം മടങ്ങിയെത്തിയ എല്ലാ തൊഴിലാളികളേയും പരിശോധിച്ചിട്ടില്ലെന്നതും റാന്‍ഡം പരിശോധനയിലാണ് ഇത്ര പേരില്‍ രോഗം കണ്ടെത്തിയതെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.

ഡല്‍ഹിയില്‍ നിന്ന് കാല്‍ ലക്ഷത്തോളം തൊഴിലാളികള്‍ ബിഹാറിലേക്ക് എത്തിയിട്ടുണ്ടെന്നാണ് അധികൃതര്‍ കരുതുന്നത്. ഇതില്‍ 1,362 തൊഴിലാളികളുടെ സാമ്പിളുകളാണ് ഇപ്പോള്‍ എടുത്തിരിക്കുന്നത്. ഇതില്‍ 835 പേരുടെ സാമ്പിളുകള്‍ പരിശോധിച്ചതില്‍ 218 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ബാക്കി
527 പേരുടെ ഫലങ്ങള്‍ കൂടി വരാനുണ്ട്. അതുകൊണ്ട് തന്നെ വൈറസ് ബാധിതരുടെ എണ്ണം കൂടാന്‍ സാധ്യത ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ആഴ്ച്ച മുതലാണ് നാട്ടിലേക്ക് തിരിച്ചെത്തുന്ന അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ സാമ്പിളുകള്‍ അധികൃതര്‍ പരിശോധിച്ച് തുടങ്ങിയത്. മെയ് 17 മുതല്‍ ഇതുവരെ 8,337 പേരാണ് ബിഹാറില്‍ എത്തിയത്. ഇതില്‍ 651 പേര്‍ക്ക്(8%) വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം പശ്ചിമബംഗാളില്‍ നിന്നെത്തിയ തൊഴിലാളികളില്‍ 12%പേര്‍ക്കും മഹാരാഷ്ട്രയില്‍ നിന്നുള്ള 141 പേര്‍ക്കും ഗുജറാത്തില്‍ നിന്നെത്തിയ 139 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതായി ബിഹാര്‍ സര്‍ക്കാര്‍ അറിയിച്ചു. കേരളത്തില്‍ നിന്നും വന്ന 306 തൊഴിലാളികളില്‍ നാല് പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

Exit mobile version