അഹമ്മദാബാദ്: ഗുജറാത്തിലും കൊറോണ വൈറസ് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തെ കൊറോണ മരണത്തിന്റെ 80 ശതമാനവും അഹമ്മദാബാദിലാണെന്നാണ് റിപ്പോര്‍ട്ട്. അഹമ്മദാബാദിലെ പൊതുജനാരോഗ്യ രംഗത്തെ പാളിച്ചകളാണ് ഈ സമയം ചര്‍ച്ചാവിഷയമാകുന്നത്.
ഞായറാഴ്ച വരെ സംസ്ഥാനത്ത് കൊറോണ ബാധിച്ച് മരിച്ചത് 659 പേരാണ്. ഇതില്‍ 524 പേരും അഹമ്മദാബാദിലാണ്. നിലവില്‍ 8500-ലധികം രോഗികളുമുണ്ട്. മേയ് അഞ്ചിന് മരണനിരക്ക് 5.8 ശതമാനമായിരുന്നെങ്കില്‍ മൂന്നുദിവസമായി ആറു ശതമാനത്തിലേറെയാണ്.
കൊറോണ വ്യാപിക്കുമ്പോഴും സിവില്‍ ആശുപത്രിയിലെ അനാസ്ഥകളാണ് ദിവസവും പുറത്തുവരുന്നത്. സിവില്‍ ആശുപത്രിയില്‍ എത്തിച്ച വെന്റിലേറ്ററുകള്‍ ആധുനികമല്ലെന്ന് തെളിഞ്ഞു. വലിയ തുക ഈടാക്കുന്ന സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുകയാണ് ഇപ്പോള്‍ സര്‍ക്കാര്‍.
1200 കിടക്കകളുള്ള സിവില്‍ ആശുപത്രിയാണ് സര്‍ക്കാരുടമസ്ഥതയിലുള്ള നഗരത്തിലെ മുഖ്യ കോവിഡ് ചികിത്സാലയം. ഇവിടെ പ്രവേശിപ്പിച്ചിരുന്ന ഗണപത് മക്വാന(65) എന്ന കോവിഡ് രോഗിയെ ബസ് സ്റ്റോപ്പില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഒരു സ്ത്രീയെ വാര്‍ഡില്‍നിന്ന് കാണാതായി നാലുമണിക്കൂറുകഴിഞ്ഞ് കക്കൂസില്‍ മരിച്ചനിലയില്‍ കണ്ടെത്തി.
മൂന്നു മണിക്കൂര്‍ ഗുരുതര സ്ഥിതിയില്‍ കിടന്ന മറ്റൊരു സ്ത്രീയുടെ ദൃശ്യങ്ങള്‍ മറ്റുരോഗികള്‍ ശനിയാഴ്ച രാത്രി ചിത്രീകരിച്ചിരുന്നു. ഇവര്‍ അടുത്തദിവസം മരിച്ചു. ഇവരുടെ ഭര്‍ത്താവും ഇതേ ആശുപത്രിയില്‍ മരിച്ചിരുന്നു. പോര്‍ബന്തറില്‍നിന്ന് അര്‍ബുദചികിത്സയ്ക്കു വന്ന പ്രവീണ്‍ ബരിദന് (54) എന്ന രോഗിയെ കോവിഡ് പരിശോധനയ്ക്ക് മേയ് നാലിനു പ്രവേശിപ്പിച്ചതാണ്.
അടുത്ത ദിവസങ്ങളില്‍ ആശുപത്രിയില്‍ എത്തിയ മകനോട് വിവരങ്ങള്‍ അറിയിക്കാമെന്നു മാത്രം പറഞ്ഞു. പിന്നീട് ജനപ്രതിനിധികള്‍ ഇടപെട്ടപ്പോഴാണ് അഞ്ചാംതീയതിതന്നെ രോഗി മരിച്ചെന്നും മൃതദേഹം മോര്‍ച്ചറിയിലാണെന്നും വെളിപ്പെടുത്തിയത്. അപ്പോഴേക്കും ഒരാഴ്ച പിന്നിട്ടിരുന്നു.
അതേസമയം, രോഗവിമുക്തി നിരക്ക് കൂടുന്നത് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നുണ്ട്. സംസ്ഥാനത്ത് ഏപ്രില്‍ 21-ന് 6.3 ശതമാനമായിരുന്നത് ഇപ്പോള്‍ 40 ശതമാനമായി. അഹമ്മദാബാദില്‍ 31.5 ശതമാനവും. പത്തുദിവസം തുടര്‍ച്ചയായി രോഗലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ ടെസ്റ്റൊന്നും നടത്താതെ ഡിസ്ചാര്‍ജ് ചെയ്യാമെന്ന പുതിയ കേന്ദ്രനിര്‍ദേശമാണ് വിമുക്തിനിരക്ക് ഉയര്‍ത്താനിടയാക്കിയത്.
നേരത്തേ തുടര്‍ച്ചയായി രണ്ടു ടെസ്റ്റ് നെഗറ്റീവായെങ്കിലേ വിടുതല്‍ നല്കിയിരുന്നുള്ളൂ.കൊറോണ രോഗികളുടെ എണ്ണവും മരണവും കുതിച്ചുയരുമ്പോഴും അഹമ്മദാബാദിലെ പൊതുജനാരോഗ്യ രംഗത്തെ അനാസ്ഥ കൂടുതല്‍ ചര്‍ച്ചയാവുകയാണ്. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും വിമര്‍ശനവും ഉയരുന്നുണ്ട്.
Discussion about this post