ബംഗളൂരു: ഓൺലൈൻ ഭക്ഷണ വിതരണ സ്റ്റാർട്ടപ്പായ സ്വിഗ്ഗി 14 ശതമാനം ജീവനക്കാരെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പിരിച്ചുവിടുന്നു. സൊമാറ്റോയും സമാനമായ തീരുമാനം എടുത്തിരുന്നു. ഇതിനുപിന്നാലെയാണ് ഫുഡ് ഡെലിവറി സ്റ്റാർട്ടപ്പായ സ്വിഗ്ഗ്വി 1,110 ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനിച്ചിരിക്കുന്നത്.
ജീവനക്കാർക്ക് അയച്ച ഇമെയിൽ സന്ദേശത്തിലാണ് കമ്പനി സഹസ്ഥാപകനും സിഇഒയുമായ ശ്രീഹർഷ മജേതിയ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. കൊവിഡ് വ്യപനംമൂലം പ്രതിസന്ധി നേരിടുന്നതിനാണ് പിരിച്ചുവിടൽ. കഴിഞ്ഞ ഒക്ടോബറിലെ കണക്കുപ്രകാരം 8000 ജീവനക്കാരാണ് സ്വിഗ്ഗിയിലുള്ളത്.
അതേസമയം, ജോലി നഷ്ടപ്പെട്ടവർക്ക് ചുരുങ്ങിയത് മൂന്നുമാസത്തെ ശമ്പളം നൽകാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. ഒരുവർഷം ജോലി ചെയ്താൽ ഒരുമാസത്തെ എക്സ് ഗ്രേഷ്യയും കമ്പനി നൽകുന്നുണ്ട്. ഇതുപ്രകാരം അഞ്ചുവർഷം ജോലി ചെയ്തവർക്ക് എട്ടുമാസത്തെ ശമ്പളം ലഭിക്കും.
സ്വിഗ്ഗി കമ്പനിയുടെ ക്ലൗഡ് കിച്ചണുകളിൽ പലതും താൽക്കാലികമായും സ്ഥിരമായും അടച്ചിരിക്കുകയാണ്. നിലവിൽ ചിലയിടങ്ങളിൽമാത്രം ടേക്ക് എവേ ഓർഡറുകൾമാത്രമാണ് സൗകര്യമുള്ളത്. അതേസമയം, സൊമാറ്റോ 13ശതമാനം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ഇതുപ്രകാരം 500 പേർക്കാണ് തൊഴിൽ നഷ്ടമായത്.
Discussion about this post