മധുര: നാലു ദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞിനെ എരിക്കിന് പാല് നല്കി കൊലപ്പെടുത്തി. അച്ഛനും മുത്തശ്ശിയും ചേര്‍ന്നാണ് ഈ കണ്ണില്ലാത്ത ക്രൂര ചെയ്തത്. സംഭവത്തില്‍ മധുര ജില്ലയിലെ ചോഴവന്താനില പൂമേട്ടു തെരു സ്വദേശികളായ ധാവമണി, ഇയാളുടെ അമ്മ പാണ്ഡി അമ്മാള്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
നാലാമതും പെണ്‍കുഞ്ഞായതിന്റെ പേരിലാണ് ഈ ക്രൂര കൃത്യം നടത്തിയത്. എരിക്കിന് പാല് നല്കിയ ശേഷം കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം വൈഗ നദിക്ക് സമീപം മൃതദേഹം മറവ് ചെയ്യുകയും ചെയ്തു. ഉറക്കത്തിനിടെ കുഞ്ഞ് മരിച്ചെന്നായിരുന്നു ഇവര്‍ നാട്ടുകാരെ ധരിപ്പിച്ചത്. എന്നാല്‍ ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ നാട്ടുകാര്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ പോലീസില്‍ പരാതി നല്കി.
പോലീസെത്തി വിവരങ്ങള്‍ തിരക്കിയപ്പോള്‍ ഇരുവരും കൊലപാതകമാണെന്ന് പറഞ്ഞിരുന്നില്ല. പിന്നീട് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തിയപ്പോഴാണ് കൊലപാതക വിവരം വ്യക്തമായത്. ഇതോടെ പ്രതികള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. സംഭവത്തില്‍ ധാവമണിയുടെ ഭാര്യയും കുഞ്ഞിന്റെ അമ്മയുമായ ചിത്രയ്ക്ക് പങ്കില്ലെന്ന് എസിപി എസ് വനിത പറയുന്നു. കുഞ്ഞിന്റെ അമ്മ അറിയാതെയാണ് ഇരുവരും കൃത്യം നടത്തിയത്.
Discussion about this post