ഇന്ത്യയും പാകിസ്താനും ഒരുമിച്ച് നില്‍ക്കണമെങ്കില്‍ ആദ്യം പാകിസ്താന്‍ ഒരു മതേതര രാജ്യമാകണം; കരസേനാ മേധാവി

പാകിസ്താന്‍ ഒരു ഇസ്ലാമിക രാഷ്ട്രമായി അവര്‍ മാറ്റിയിരിക്കുന്നു. അവര്‍ക്ക് ഇന്ത്യയോടൊപ്പം നില്‍ക്കണമെങ്കില്‍ അവര്‍ മതേതര രാജ്യമാകണം.

ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ ഒഴിവാക്കി ഒരുമിച്ച് നില്‍ക്കണമെങ്കില്‍ പാകിസ്താന്‍ ആദ്യം ഒരു മതേതര രാജ്യമാകണമെന്ന് ഇന്ത്യന്‍ കരസേനാ മേധാവി ബിപിന്‍ റാവത്ത്. ഫ്രാന്‍സിനും ജര്‍മനിക്കും ഇടയില്‍ നല്ല ബന്ധം ആകാമെങ്കില്‍ എന്തു കൊണ്ട് ഇന്ത്യയും പാകിസ്താനും തമ്മില്‍ അത് ആയിക്കൂടാ എന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ചോദിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ബിപിന്‍ റാവത്ത്.

നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലെ പാസിങ്ങ് ഔട്ട് പരേഡ് ചടങ്ങിനിടെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘രാജ്യങ്ങള്‍ ഒരുമിച്ചു വരിക എന്ന ആശയം പ്രാവര്‍ത്തികമാക്കാന്‍, പാകിസ്താന്‍ ആദ്യം അവരുടെ ആഭ്യന്തര അവസ്ഥ എന്താണെന്ന് നോക്കണം. പാകിസ്താന്‍ ഒരു ഇസ്ലാമിക രാഷ്ട്രമായി അവര്‍ മാറ്റിയിരിക്കുന്നു. അവര്‍ക്ക് ഇന്ത്യയോടൊപ്പം നില്‍ക്കണമെങ്കില്‍ അവര്‍ മതേതര രാജ്യമാകണം’.

‘നമ്മളൊരു മതേതര രാജ്യമാണ്. അവരൊരു ഇസ്ലാമിക രാഷ്ട്രമാണ്, മറ്റുള്ളവര്‍ക്ക് അവിടെ സ്ഥാനം ഒന്നുമില്ലെങ്കില്‍ നമ്മളെങ്ങനെ ഒരുമിച്ചു നില്‍ക്കും’- ജനറല്‍ റാവത്ത് പറഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടു ചെയ്തു. സൈന്യത്തില്‍ സ്ത്രീകള്‍ക്കുള്ള സാധ്യത വര്‍ധിക്കുന്നതായും ജനറല്‍ റാവത്ത് ചൂണ്ടിക്കാട്ടി.

നമുക്ക് ഇന്ത്യയുമായുള്ള ബന്ധത്തില്‍ മുന്നോട്ടു പോകണം. ഒരുപാട് യുദ്ധങ്ങള്‍ക്കപ്പുറവും ജര്‍മനിയും ഫ്രാന്‍സും അവര്‍ക്കിടയില്‍ സമാധാനം പുലര്‍ത്തുന്നു. എന്തു കൊണ്ട് ഇന്ത്യക്കും പാകിസ്താനും ഇത് ആയിക്കൂടാ എന്നായിരുന്നു കര്‍ത്താര്‍പൂര്‍ ഇടനാഴിക്ക് തറക്കല്ലിടല്‍ ചടങ്ങിനിടെ ഇമ്രാന്‍ ഖാന്‍ പറഞ്ഞത്.

Exit mobile version