1200 കിലോമീറ്റർ അകലെയുള്ള വീട്ടിൽ ജീവന് വേണ്ടി മല്ലടിച്ച് മകൻ; ഒരു നോക്ക് കാണാനാകാതെ നടുറോഡിലിരുന്ന് പൊട്ടിക്കരഞ്ഞ് ഈ അച്ഛൻ; അതുൽ ക്യാമറക്കണ്ണിൽ പകർത്തിയത് കണ്ണീർ ചിത്രം

ന്യൂഡൽഹി: നടുറോഡിലിരുന്ന് ചുറ്റുപാടുമുള്ളവരെ കുറിച്ച് ഗൗനിക്കാതെ മൊബൈൽ ഫോൺ ചെവിയിൽ ചേർത്ത് വെച്ച് പൊട്ടിക്കരയുന്ന ഒരു മുതിർന്ന മനുഷ്യന്റെ കരച്ചിലാണ് ഇപ്പോൾ രാജ്യത്തിന്റെ കണ്ണുനിറയ്ക്കുന്നത്. അഥുൽ യാദവ് എന്ന പിടിഐ ഫോട്ടോഗ്രാഫറുടെ ക്യാമറക്കണ്ണിലാണ് കവിൾത്തടത്തിലെ ഞരമ്പുകളെല്ലാം വലിഞ്ഞ് കരയുന്ന ആ മനുഷ്യന്റെ മുഖം പതിഞ്ഞത്. ലോക്ക്ഡൗൺ കാലത്ത് സ്വന്തം നാട്ടിലേക്ക് പാലായനം ചെയ്യുന്ന എല്ലാ കുടിയേറ്റതൊഴിലാളികളുടെയും മുഖമായിരുന്നു അതുൽ പകർത്തിയ ചിത്രത്തിലെ ആ അച്ഛന്റേത്.

വേദനയോടെയുള്ള ഈ മനുഷ്യന്റെ കരച്ചിൽ വീടണയാനുള്ള കഷ്ടതയ്ക്കപ്പുറം മരണത്തോട് മല്ലടിക്കുന്ന തന്റെ മകനെ അവസാനമായി കാണാനുള്ള ഒരച്ഛന്റെ വേദന കൂടിയാണ്. പിന്നീട് ഈ ചിത്രം രാജ്യമെമ്പാടുമുള്ള മാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു.

ഈ ചിത്രത്തെ കുറിച്ച് അതുൽ പറയുന്നതിങ്ങനെ: നിസാമുദ്ദീൻ പാലത്തിലിരുന്ന് കൊണ്ട് അദ്ദേഹം ഫോണിൽ സംസാരിക്കുകയായിരുന്നു. അനിയന്ത്രിതമായി കരയുന്നുമുണ്ടായിരുന്നു. എനിക്കെന്റെ കാമറ കണ്ണുകളെ തടയാനായില്ല. കഴിഞ്ഞ കുറച്ചാഴ്ചകളായി നിരവധി കുടിയേറ്റക്കാരെ കാണുകയും അവരുടെ ഫോട്ടെയെടുക്കുകയും ചെയ്തിട്ടുണ്ട്. അവരിലോരോരുത്തരും നിസ്സഹായരായിരുന്നു. എന്നാൽ ഒരു മുതിർന്ന മനുഷ്യൻ ഇങ്ങനെ കരയുന്നത് എന്നെ അത്ഭുതപ്പെടുത്തി. കാമറയെടുത്ത് ഞാനാ ദൃശ്യം ഒപ്പി. എന്നാൽ സാധാരണപോലെ ചിത്രം പകർത്തി എന്റെ മറ്റ് പണികളിലേക്ക് കടക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല. ആ കണ്ണീരിനു പിന്നിലെ വ്യഥ എനിക്കറിയണമായിരുന്നു. ഞാനയാളോട് ചോദിച്ചു. ‘എന്റെ കുഞ്ഞ് അസുഖബാധിതനാണ്. എപ്പോൾ വേണമെങ്കിലും മരണപ്പെടാം’. വീടെത്തണം’.

എവിടെയാണ് വീടെന്ന ചോദ്യത്തിന് ഏങ്ങിക്കരഞ്ഞ് കൊണ്ട് അയാൾ അവിടെ എന്ന് മറുപടി നൽകി. 1,200 കിലോമീറ്റർ അകലെയുള്ള ബീഹാറിലെ ബെഗുസാരായിലെ ബരിയാർപുരാണ് വീട് എന്ന് പിന്നീടാണ് ഞാൻ മനസ്സിലാക്കിയത്. നജഫ്ഗഡിലാണ് ഇയാൾ തൊഴിലെടുക്കുന്നത്. ലോക്ക്ഡൗൺ ദിനങ്ങളിൾ പട്ടിണിയിലായതോടെ അവിടെ നിന്ന് വീടെത്താനായി പുറപ്പെട്ട നൂറ് കണക്കിന് കുടിയേറ്റ തൊഴിലാളികളിൽ ഒരാളായി അവർക്കൊപ്പം അയാളും ചേർന്നു. എന്നാൽ നിസാമുദ്ദീൻ പാലത്തിൽ എത്തിയ അവരുടെ കാൽനടയാത്രയെ പോലീസ് തടഞ്ഞു. യാത്ര മുടങ്ങിയ ദുഃഖത്തിൽ ഇനി മകനെ കാണാനാകുമോ എന്ന ഭയത്തിൽ അയാൾ തേങ്ങിക്കരയുകയായിരുന്നു. ഞാൻ അദ്ദേഹത്തിന് ബിസ്‌കറ്റും കുറച്ച് വെള്ളവും നൽകി.

ആ മനുഷ്യനെ അയാളുടെ ദുരിതത്തിൽ നിന്ന് കരകയറ്റാൻ ഞാൻ തീവ്രമായി ആഗ്രഹിച്ചു, സമീപത്തുള്ള പോലീസ് ഉദ്യോഗസ്ഥരെ സമീപിച്ച് അതിർത്തി കടക്കാൻ അനുവദിക്കണമെന്ന് ഞാൻ അഭ്യർത്ഥിച്ചു. അവർ ആദ്യം വിമുഖത കാണിച്ചെങ്കിലും ഒരു മാധ്യമ പ്രവർത്തകനിൽ നിന്ന് അഭ്യർത്ഥന വന്നതിനാൽ അദ്ദേഹം വീട്ടിലെത്തുന്നത് ഉറപ്പാക്കുമെന്ന് അവർ പറഞ്ഞു. അതിനു ശേഷം ഞാൻ വീട്ടിലേക്ക് മടങ്ങി. അയാൾക്ക് വീട്ടിലെത്താൻ കഴിയുമോ, കുട്ടി സുഖമായിരിക്കുമോ എന്നെല്ലാം എനിക്ക് അറിയണമെന്നുണ്ടായിരുന്നു പക്ഷെ അയാളുടെ പേരോ ഫോൺ നമ്പറോ ഞാൻ ചോദിക്കാൻ വിട്ടുപോയിരുന്നു.

ഞാൻ എടുത്ത ഫോട്ടോ പിടിഐ പുറത്തുവിട്ടു. രാജ്യത്തെ ഒട്ടുമിക്ക മാധ്യമങ്ങളിലെല്ലാം പടം വന്നു. പിന്നീട് നിരവധി മാധ്യമങ്ങൾ അദ്ദേഹത്തെ പിന്തുടർന്നു. ആ പേര് പോലും പിന്നീടാണ് ഞാനറിയുന്നത്. രാംപുകർ പണ്ഡിറ്റ്. രോഗത്തോട് കീഴ്‌പെട്ട് അയാളുടെ മകൻ യാത്രയായെന്നും അറിയാൻ കഴിഞ്ഞു. അതെന്റെ ഹൃദയത്തെ തകർത്തുകളഞ്ഞു.

Exit mobile version