ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിച്ച് വരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 4864 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 90,000 കടന്നു. ഇതുവരെ 90,927 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
ഇന്നലെ മാത്രം 118 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 2,872 ആയി ഉയര്‍ന്നു. അതേസമയം 34,224 പേര് രോഗമുക്തി നേടിയത് ചെറിയൊരു ആശ്വാസം പകരുന്നുണ്ട്. അതേസമയം രാജ്യം നാലാംഘട്ട ലോക്ക്ഡൗണിലേക്ക് പ്രവേശിക്കുമ്പോള്‍ കൊവിഡ് കേസുകളുടെ എണ്ണത്തിലുള്ള വര്‍ധനവ് വലിയ ആശങ്ക തന്നെയാണ് ഉളവാക്കുന്നത്.
രാജ്യത്ത് മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് വൈറസ് ബാധിതര്‍ കൂടുതല്‍. രാജ്യത്തെ ആകെ കേസുകളില്‍ മൂന്നിലൊന്നും മഹാരാഷ്ട്രയിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടെ വൈറസ് ബാധിതരുടെ എണ്ണം 30,706 ആയി. ഇതില്‍ 18,500 രോഗികളും മുംബൈയിലാണ്. തമിഴ്നാട്ടിലും, ഗുജറാത്തിലും രോഗബാധിതരുടെ എണ്ണം പതിനായിരം കടന്നു.
Discussion about this post