ഹൈദരാബാദ്: പോലീസ് രക്ഷപ്പെടുത്തിയ തട്ടിക്കൊണ്ടു പോകപ്പെട്ട 18 മാസം പ്രായമുള്ള കുട്ടിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കുട്ടിയുമായി അടുത്തിടപഴകിയ 22 പേരെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചു. ഹൈദരാബാദില്‍ ബുധനാഴ്ചയാണ് സംഭവം.
നഗരത്തിലെ തെരുവോരത്ത് കഴിയുന്ന 22 വയസ്സുള്ള യുവതിയുടെ കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയത്. കുട്ടിയെ കാണാതായതോടെ കുറേ തിരഞ്ഞെങ്കിലും ഫലമൊന്നുമുണ്ടായില്ല. തുടര്‍ന്ന് യുവതി പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. താന്‍ ഉറങ്ങിക്കിടന്ന സമയത്ത് കുഞ്ഞിനെ കാണാതായെന്ന് പരാതിയില്‍ പറയുന്നു.
പോലീസ് സമീപത്തെ സിസിടിവി കാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇബ്രാഹിം എന്നയാളാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് മനസ്സിലായി. പഴങ്ങള്‍ നല്കി പ്രലോഭിപ്പിച്ച് കുട്ടിയെ ഇയാള്‍ ഇരുചക്രവാഹനത്തില്‍ കയറ്റി കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു. തുടര്‍ന്ന് പ്രതിയെ പിടികൂടുകയും കുട്ടിയെ രക്ഷിക്കുകയും ചെയ്തു.
തനിക്കും ഭാര്യയ്ക്കും ജനിച്ച ആണ്‍കുട്ടികളെല്ലാം മരിച്ചുപോയെന്നും ഒരു ആണ്‍കുട്ടി വേണമെന്ന ആഗ്രഹംകൊണ്ടാണ് തെരുവോരത്തുനിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. കുട്ടിയെ തിരികെ അമ്മയെ ഏല്പിച്ചെങ്കിലും ഇവര്‍ മുഴുവന്‍സമയ മദ്യപാനിയായതിനാല്‍ കുട്ടിയുടെ സുരക്ഷയെ കണക്കിലെടുത്ത് ശിശുക്ഷേമ സമിതിയെ ഏല്പിച്ചു.
തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനയിലാണ് കട്ടിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ കുട്ടിയെ തട്ടിക്കൊണ്ടുപോയ ആളും കുടുംബവും, കുട്ടിയുടെ അമ്മ, പോലീസുകാര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരോടൊക്കെ ക്വാറന്റീനില്‍ പ്രവേശിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിക്കുകയായിരുന്നു.
Discussion about this post