പ്രതിരോധ, ബഹിരാകാശ, ആണവ മേഖലകളില്‍ സ്വകാര്യ പങ്കാളിത്തം; ആറ് വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവത്കരിക്കും

ന്യൂഡല്‍ഹി: പ്രതിരോധ, വ്യോമയാന, ബഹിരാകാശ, ആണവ മേഖലകളില്‍ സ്വകാര്യ മേഖലയെ പങ്കാളികളാക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. കൊവിഡ് ഉത്തേജക പാക്കിന്റെ നാലാം ഘട്ടത്തെപ്പറ്റി വിശദീകരിച്ച് സംസാരിച്ച വാര്‍ത്ത സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

പ്രതിരോധ മേഖലയില്‍ സ്വദേശിവല്‍ക്കരണം സാധ്യമാക്കും. ചില ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും ഇറക്കുമതി നിരോധിക്കും. എന്നാല്‍ സമ്പൂര്‍ണ നിരോധനം ഈ മേഖലയില്‍ ഇല്ല. ഇന്ത്യന്‍ കമ്പനികളുടെ ആയുധങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. ഇതിനായി പ്രത്യേക ബജറ്റ് അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

ഇപ്പോള്‍ ഇറക്കുമതി ചെയ്യുന്ന സ്‌പെയര്‍പാര്‍ടുകള്‍ ഇന്ത്യയില്‍ ഉത്പാദിപ്പിക്കും. ഓര്‍ഡന്‍സ് ഫാക്ടറികള്‍ ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്യും. 49 ശതമാനമായിരുന്ന വിദേശ നിക്ഷേപം 74% ഉയര്‍ത്തി. വിദേശ കമ്പനികള്‍ക്ക് ഇന്ത്യയില്‍ നേരിട്ട് പ്രതിരോധ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ അനുവാദം.

ബഹിരാകാശ മേഖലയിലും കൂടുതല്‍ സ്വകാര്യ പങ്കാളിത്തം അനുവദിക്കും. സ്വകാര്യ കമ്പനികള്‍ക്കും ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളില്‍ പങ്കാളികളാകാം. ഐഎസ്ആര്‍ഒയുടെ സൗകര്യങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് ഉപയോഗിക്കാം. എന്നാല്‍ ഐസ്ആര്‍ഒയ്ക്ക് ആയിരിക്കും നിയന്ത്രണം. സ്വകാര്യ പങ്കാളിത്തത്തിനു നയവും നിയന്ത്രണ സംവിധാനവും കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.

ആണവ മേഖലയിലും പൊതു-സ്വകാര്യ പങ്കാളിത്തം അനുവദിക്കും. ആണവോര്‍ജ മേഖലയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ അനുവദിക്കും. മരുന്ന് നിര്‍മ്മാണം സഹായിക്കുന്ന റിയാക്ടര്‍ സ്ഥാപിക്കും. കര്‍ഷകരെ സഹായിക്കാന്‍ ആണവോര്‍ജം ഉപയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ആറ് വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവത്കരിക്കും. 12 വിമാനത്താവളങ്ങളില്‍ 13,000 കോടി രൂപയുടെ സ്വകാര്യ നിക്ഷേപം അനുവദിക്കും. ലോകനിലവാരത്തിലുള്ള കൂടുതല്‍ വിമാനത്താവളങ്ങള്‍ കൊണ്ടുവരും. വ്യോമപാതയിലെ നിയന്ത്രണങ്ങള്‍ നീക്കും. കൂടുതല്‍ മേഖലകളിലേക്ക് സര്‍വീസ് നടത്തും. വിമാനക്കമ്പനികളുടെ ചെലവ് കുറയ്ക്കുന്നതിന് നികുതി പരിഷ്‌കാരം ഏര്‍പ്പെടുത്തും. വ്യോമയാന നിരക്ക് കുറയും. ഇന്ത്യയെ വിമാന അറ്റകുറ്റപ്പണികള്‍ക്കുള്ള ആഗോള കേന്ദ്രമാക്കി മാറ്റുമെന്നും ധനമന്ത്രി അറിയിച്ചു.

Exit mobile version