ഉത്തര്‍പ്രദേശില്‍ ലോറികള്‍ കൂട്ടിയിടിച്ച് 23 കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു

ഔറേയ: ഉത്തര്‍പ്രദേശില്‍ ലോറികള്‍ കൂട്ടിയിടിച്ച് 23 കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ഔറേയയില്‍ ഇന്ന് പുലര്‍ച്ചെ 3.30 ആയിരുന്നു അപകടം നടന്നത്. രാജസ്ഥാനില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്ക് ലോറിയില്‍ മടങ്ങുകയായിരുന്ന കുടിയേറ്റ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. ഇരുഭാഗത്ത് നിന്നും വന്ന ലോറികള്‍ അതിവേഗത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ബിഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളകുടിയേറ്റ തൊഴിലാളികളാണ് അപകടത്തില്‍ പെട്ടിരിക്കുന്നതെന്നാണ് ഔറേയ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് അഭിഷേക് സിങ് വ്യക്തമാക്കിയത്. ലോക്ക് ഡൗണിനെ തുടര്‍ന്ന് നിരവധി കുടിയേറ്റ തൊഴിലാളികളാണ് കാല്‍നടയായി സ്വദേശത്തേക്ക് മടങ്ങുന്നത്. കാല്‍നടയായി നാട്ടിലേക്ക് മടങ്ങുന്ന തൊഴിലാളികള്‍ അപകടത്തില്‍ പെടുന്നത് തുടര്‍ക്കഥയാകുന്നതിനിടയിലാണ് ഇപ്പോള്‍ ലോറിയില്‍ നാട്ടിലേക്ക് മടങ്ങിയ സംഘം ദുരന്തത്തില്‍ പെട്ടിരിക്കുന്നത്.

അതേസമയം കുടിയേറ്റ തൊഴിലാളികള്‍ കാല്‍നടയായി സ്വദേശത്തേക്ക് മടങ്ങുന്നത് ഒഴിവാക്കണമെന്നും സംസ്ഥാന സര്‍ക്കാരുകള്‍ ഇത് തടയണമെന്നും ആഭ്യന്ത്രമന്ത്രാലയം നേരത്തേ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇപ്പോഴും രാജ്യത്തിന്റെ പലഭാഗത്തും കുടിയേറ്റ തൊഴിലാളികള്‍ കാല്‍നടയായും കിട്ടുന്ന വാഹനങ്ങളിലുമായി പാലായനം തുടരുകയാണ്.

Exit mobile version