മുംബൈ: കൊറോണ വൈറസ് ബാധിച്ച് മലയാളി മുംബൈയില്‍ മരിച്ചു. തിരുവനന്തപുരം സ്വദേശി അംബി സ്വാമി (50) ആണ് മരിച്ചത്. അംബി സ്വാമിക്ക് എങ്ങനെയാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. ഇതോടെ കൊറോണ ബാധിച്ച് മുംബൈയില്‍ മരിച്ച മലയാളികളുടെ എണ്ണം നാലായി.
അംബി സ്വാമിക്ക് എങ്ങനെയാണ് രോഗബാധയുണ്ടായതെന്ന് വ്യക്തമായിട്ടില്ലെന്ന് അധികൃതര്‍ പറയുന്നു. ലോക്ക്ഡൗണ്‍ തുടങ്ങിയ ശേഷം വീട്ടില്‍ നിന്ന് ഇദ്ദേഹം പുറത്തുപോയിട്ടില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. പനിയും ചുമയും ബാധിച്ച് ഇന്നലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇവിടെ വെച്ചാണ് മരണം സംഭവിച്ചത്. ഗൊരേഗാവില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു അംബി സ്വാമി. കൊറോണ വ്യാപിച്ചുകൊണ്ടിരിക്കുന്ന മഹാരാഷ്ട്രയിലെ സ്ഥിതി ഗുരുതമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,576 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. 49 പേര്‍ക്ക് ജീവന് നഷ്ടമായി. ഇതോടെ സംസ്ഥാനത്ത് ആകെ മരണം 1,068 ആയി.
ആകെ രോഗബാധിതരുടെ എണ്ണം 29,100 കടന്നു. ആകെ ചികിത്സയിലുള്ളത് 21,467 പേരാണ്. ഇതുവരെ 6,564 പേര് രോഗമുക്തി നേടിയിട്ടുണ്ട്. വൈറസ് പടര്‍ന്നുപിടിച്ച മുംബൈയില്‍ മാത്രം 933 പുതിയ കേസുകള്‍ സ്ഥിരീകരിക്കുകയും 24 പേര് മരിക്കുകയും ചെയ്തിട്ടുണ്ട്. ഇതുവരെ 17,512 പേര്‍ക്കാണ് മുംബൈയില്‍ കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്.
Discussion about this post