ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ പ്രതിസന്ധി കാരണം ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോ പതിമൂന്ന് ശതമാനം ജീവനക്കാരെ പിരിച്ചുവിടുന്നു. കോവിഡ് 19 ഓണ്‍ലൈന്‍ ഭക്ഷണവിതരണ മേഖലയെയും ബാധിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഇത് രണ്ടാം തവണയാണ് സൊമാറ്റോ ജീവനക്കാരെ പിരിച്ചുവിടുന്നത്.
അതേസമയം, ബാക്കിയുള്ള ജീവനക്കാരുടെ ശമ്പളം അടുത്ത ആറുമാസത്തേക്ക് പകുതി കുറയ്ക്കാനും തീരുമാനമായി. പതിമൂന്ന് ശതമാനം ജീവനക്കാരെ പിരിച്ചുവിടുമ്പോള്‍ 520 പേര്‍ക്കാണ് ജോലി നഷ്ടമാകുക. ജോലിയില്‍ തുടരുന്നവര്‍ക്ക് അടുത്ത ആറു മാസത്തേക്ക് അല്ലെങ്കില്‍ പുതിയ ജോലി ലഭിക്കുന്നതു വരെ പകുതി ശമ്പളത്തില്‍ ജോലി ചെയ്യാം.
അതേസമയം, നേരിട്ടുള്ള പിരിച്ചുവിടലല്ല സൊമാറ്റോ നടത്തുന്നത്. പിരിച്ചുവിടുന്ന തൊഴിലാളികള്‍ക്ക് അടുത്ത ആറുമാസത്തേക്കോ അല്ലെങ്കില്‍ അടുത്ത ജോലി ലഭിക്കുന്നതു വരെയോ ഏതാണോ ആദ്യം സംഭവിക്കുന്നത് അതുവരെ 50 ശതമാനം ശമ്പളം നല്‍കും. ഒപ്പം, ആരോഗ്യ ഇന്‍ഷുറന്‍സും അടുത്ത ആറു മാസത്തേക്ക് ലഭിക്കുന്നതായിരിക്കും.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രണ്ടാം തവണയാണ് സൊമാറ്റോ ജീവനക്കാരെ പിരിച്ചുവിടുന്നത്. 2019 സെപ്തംബറില്‍ സൊമാറ്റോ അവരുടെ കസ്റ്റമര്‍ സപ്പോര്‍ട്ട് ടീമില്‍ നിന്ന് 10% തൊഴിലാളികളെ ജോലിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഏകദേശം, 540 പേര്‍ക്കായിരുന്നു അന്ന് ജോലി നഷ്ടമായത്. സൊമാറ്റോയിലെ മുഴുവന്‍ ജീവനക്കാര്‍ക്കും അയച്ച ഇ-മെയിലില്‍ സ്ഥാപകനും സി ഇ ഒയുമായ ദീപിന്ദര്‍ ഗോയല്‍ പ്രതിസന്ധിയെക്കുറിച്ച് വ്യക്തമാക്കി.
Discussion about this post