ഭോപ്പാല്‍: വെള്ളമെടുക്കാന്‍ പോയ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം മൂത്രം കുടിപ്പിച്ചു. സംഭവത്തില്‍ മനംനൊന്ത് 19കാരന് തൂങ്ങിമരിച്ചു. മധ്യപ്രദേശിലെ സജോര് ഗ്രാമത്തിലാണ് ദാരുണ സംഭവം. സംഭവത്തില്‍ രണ്ട് സ്ത്രീകളുള്‍പ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
വികാസ് ശര്‍മ്മ എന്ന യുവാവാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. ഇയാളുടെ വീട്ടിനുള്ളില്‍ നിന്നും ആത്മഹത്യാക്കുറിപ്പും വീഡിയോ ക്ലിപ്പും പോലീസ് കണ്ടെത്തുകയും ചെയ്തു. താന്‍ ആത്മഹത്യ ചെയ്യാനുള്ള കാരണത്തെക്കുറിച്ചാണ് കുറിപ്പിലും ഫോണില്‍ പകര്‍ത്തിയ വീഡിയോയിലും ഉള്ളതെന്ന് പോലീസ് പറയുന്നു.
വീടിന് സമീപത്തുള്ള ക്ഷേത്രത്തിലെ ആവശ്യത്തിനായി ഒരു പാത്രത്തില്‍ വെള്ളമെടുക്കാനായി പൊതുടാപ്പിന് അടുത്തെത്തിയതായിരുന്നു വികാസ്. പ്രതികളായ മനോജ് കോലി, താരാവതി കോലി, പ്രിയങ്ക കോലി എന്നിവരും സ്ഥലത്തുണ്ടായിരുന്നു. വികാസ് വെള്ളമെടുക്കുന്ന സമയത്ത് ഇവരുടെ പാത്രങ്ങളിലേക്ക് കുറച്ച് വെള്ളം വീണു. ഇതാണ് മര്‍ദ്ദനത്തിന് വഴിവെച്ചത്.
ഇതില്‍ കുപിതരായ മൂവരും വികാസിനെ മുടിയില്‍ പിടിച്ച് വലിച്ചിഴക്കുകയും അടിക്കുകയും ചെയ്തു. തുടര്‍ന്ന് വികാസ് കൊണ്ടുവന്ന പാത്രത്തില്‍ മൂത്രം നിറയ്ക്കുകയും നിര്‍ബന്ധിച്ച് കുടിപ്പിക്കുകയും ചെയ്യുകയായിരുന്നുവെന്ന് പോലീസ് കൂട്ടിച്ചേര്‍ത്തു.
Discussion about this post