ലണ്ടൻ/ന്യൂഡൽഹി: രാജ്യത്തെ ബാങ്കുകളിൽ നിന്നും കോടികൾ തട്ടിച്ച് ഇന്ത്യ വിട്ട വിവാദ വ്യവസായി വിജയ് മല്ല്യയെ ഉടൻ ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ചേക്കും. ഇന്ത്യയിൽ നിലനിൽക്കുന്ന അഴിമതി, കള്ളപ്പണം വെളുപ്പിക്കൽ, തട്ടിപ്പ് എന്നീ കേസുകൾ നേരിടാൻ മല്ല്യയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള യുകെ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള അനുമതി നിഷേധിച്ചു.
ഇതോടെ ഇന്ത്യയ്ക്ക് തന്നെ കൈമാറാനുള്ള തീരുമാനത്തെ എതിർക്കാനുള്ള നിയമപരമായ വഴികളെല്ലാം മല്യയ്ക്ക് മുന്നിൽ അവസാനിച്ചിരിക്കുകയാണ്. ഇന്ത്യ-യുകെ കൈമാറൽ ഉടമ്പടി പ്രകാരം വിജയ് മല്ല്യയെ 28 ദിവസത്തിനുള്ളിൽ ഇന്ത്യയ്ക്ക് കൈമാറുമെന്നാണ് പ്രതീക്ഷ.
ബ്രിട്ടീഷ് നിയമമനുസരിച്ച് 28 ദിവസത്തെ കാലാവധി ഉടൻ പ്രാബല്യത്തിൽ ആരംഭിക്കുമെന്ന് ഇന്ത്യൻ അന്വേഷണ ഏജൻസി വൃത്തങ്ങൾ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. എല്ലാം നടപടിക്രമവുമനുസരിച്ച് പോയാൽ 30 ദിവസത്തിനുള്ളിൽ മല്ല്യ ഇന്ത്യയിലുണ്ടാകുമെന്ന് ഉദ്യോഗസ്ഥരിൽ ഒരാൾ വ്യക്തമാക്കി.
2017 ഫെബ്രുവരി ഒമ്പതിനാണ് മല്ല്യയെ കൈമാറണമെന്ന് ഇന്ത്യ ബ്രിട്ടനോട് അഭ്യർത്ഥിക്കുന്നത്. 2017 ഏപ്രിൽ 18 നാണ് മല്ല്യ ഇംഗ്ലണ്ടിൽ അറസ്റ്റിലായത്.