പാല്‍ഘര്‍ ആള്‍ക്കൂട്ടകൊലപാതക കേസിലെ വാദിഭാഗം അഭിഭാഷകന്‍ ദിഗ്‌വിജയ് ത്രിവേദി വാഹനാപകടത്തില്‍ മരിച്ചു

മുംബൈ: പാല്‍ഘര്‍ ആള്‍ക്കൂട്ട കൊലപാതക കേസിലെ വാദിഭാഗം അഭിഭാഷകന്‍ വാഹനാപകടത്തില്‍ മരിച്ചു. ബുധനാഴ്ച നടന്ന അപകടത്തിലാണ് ദിഗ്‌വിജയ് ത്രിവേദി മരണപ്പെട്ടത്. വാദിഭാഗത്തിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകസംഘത്തിലെ ജൂനിയര്‍ അഭിഭാഷകനാണ് ദ്വിഗ്വിജയ്. കോടതിയിലേക്കുള്ള യാത്രയ്ക്കിടെയാണ് വാഹനം അപകടത്തില്‍ പെട്ടത്.

മുംബൈ- അഹമ്മദാബാദ് ദേശീയപാതയില്‍ രാവിലെ പത്തരയോടെയായിരുന്നു അപകടം നടന്നത്. ദിഗ്വിജയ് സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു. ദിഗ്വിജയ് അപകടസ്ഥലത്ത് തന്നെ മരിച്ചു. കൂടെയുണ്ടായിരുന്ന സഹപ്രവര്‍ത്തകയ്ക്കും പരിക്ക് സംഭവിച്ചു. ഇവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഏപ്രില്‍ പതിനാറിനാണ് മഹാരാഷ്ട്രയിലെ പാര്‍ഘറില്‍ രണ്ട് സന്ന്യാസികള്‍ ഉള്‍പ്പടെ മൂന്ന് പേര്‍ സഞ്ചരിച്ചിരുന്ന കാറിന് നേരെ ആള്‍ക്കൂട്ടത്തിന്റെ ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ മൂന്ന് പേരും കൊല്ലപ്പെട്ടു. പോലീസ് സംഭവസ്ഥലത്തെത്തിയെങ്കിലും പോലീസിന് നേരെയും ആള്‍ക്കൂട്ടം ആക്രമണം നടത്തിയതിനെ തുടര്‍ന്ന് പോലീസുകാര്‍ക്കും പരിക്കേറ്റു. സംഭവത്തില്‍ 120 ഓളം പേരം ഇതു വരെ അറസ്റ്റ് ചെയ്തു. 35 പോലീസുകാരെ സ്ഥലം മാറ്റി. പാല്‍ഘര്‍ എസ്പി കുനാല്‍ സിങ് സംഭവത്തെ തുടര്‍ന്ന് നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ചു.

Exit mobile version